HIGHLIGHTS : KSRTC's new Volvo 9600 SLX bus takes on test drive; Minister K B Ganesh Kumar takes the wheel

കെ.എസ്.ആർ.ടി.സി. യുടെ ബസ് നിരയിൽ പുതുചരിത്രം കുറിച്ചുകൊണ്ട്, വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് ഇന്ന് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് വളയം പിടിച്ചത്.
വോൾവോ പുതിയതായി നിർമ്മിച്ച ഈ മോഡൽ, ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്ന നിലയിൽ ഇന്ത്യയിൽ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെ.എസ്.ആർ.ടി.സിക്കാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. സ്വകാര്യ വ്യക്തികൾ ഈ വണ്ടി വാങ്ങിയിട്ടുണ്ടാകാമെങ്കിലും, ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആദ്യമായി ബുക്ക് ചെയ്യുന്നതും ഡെലിവറി എടുക്കുന്നതും കെ.എസ്.ആർ.ടി.സി.യാണെന്നത് ശ്രദ്ധേയമാണ്. 2002-ൽ ആദ്യമായി വോൾവോ ഇന്ത്യയിൽ വന്നപ്പോഴും ആദ്യത്തെ രണ്ട് ബസുകൾ വാങ്ങിയത് കെ.എസ്.ആർ.ടി.സി. ആയിരുന്നു എന്ന ചരിത്രവും മന്ത്രി ഓർമ്മിപ്പിച്ചു.
ഇന്ന് ഇന്ത്യയിൽ കിട്ടാവുന്നതിൽ ഏറ്റവുമധികം സൗകര്യങ്ങളുള്ള ഒരു വണ്ടിയാണ് കെ.എസ്.ആർ.ടി.സി. വാങ്ങിയിരിക്കുന്നതെന്നും, വണ്ടിയുടെ സുരക്ഷാ സംവിധാനങ്ങൾ വളരെ ഗംഭീരമാണെന്നും മന്ത്രി പറഞ്ഞു. ഒരു നിശ്ചിത ആംഗിളിന് മുകളിലേക്ക് വണ്ടി ചരിഞ്ഞാൽ ഉടൻ തന്നെ സഡൻ ബ്രേക്ക് ചെയ്ത് വാഹനം നിർത്താനുള്ള സാങ്കേതികവിദ്യ ഇതിലുണ്ട്. മികച്ച സസ്‌പെൻഷൻ ഉള്ള സീറ്റാണ് ഡ്രൈവർക്ക് ലഭിക്കുന്നത്. കൂടാതെ, കുഴികളിലോ കട്ടറുകളിലോ കയറുമ്പോൾ ബസ് ലിഫ്റ്റ് ചെയ്ത് ഉയർത്താനുള്ള ലിഫ്റ്റിംഗ് സൗകര്യവും (വേഗത 20 കി.മീ. ആയി പരിമിതപ്പെടുത്തും) ക്യാമറകൾ ഉൾപ്പെടെയുള്ള മറ്റ് സാങ്കേതികവിദ്യകളും ലഭ്യമാണ്.
കെ.എസ്.ആർ.ടി.സി. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളും പരിഷ്‌കാരങ്ങളും വിശദീകരിക്കുന്ന ഒരു പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. പുതിയ ബസ് സ്റ്റേഷനുകളുടെ രൂപകല്പന, ഡിജിറ്റൽ ടെക്‌നോളജികളുടെ ഉപയോഗം, മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായത് തുടങ്ങിയ വിവരങ്ങളെല്ലാം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


