HIGHLIGHTS : The government will legally question the implementation of the SIR.

കേരളത്തിൽ വോട്ടർ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആർ) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗത്തിൽ തീരുമാനം. യോഗത്തിൽ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികൾ സർക്കാർ തീരുമാനത്തെ പൂർണമായും പിന്തുണച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ എസ്‌ഐആർ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സർക്കാർ എന്ന നിലയിലും രാഷ്ട്രീയ പാർട്ടി എന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടർപട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടർ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
2002 ലെ തെരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കി വോട്ടർ പട്ടിക പരിഷ്‌ക്കരിക്കുമ്പോഴുള്ള പ്രയാസങ്ങൾ നിരവധിയാണെന്നും എസ് ഐ ആർ പ്രത്യേക ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക രാഷ്ട്രീയ പാർട്ടികൾ പങ്കുവെച്ചു. മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂർണമായും യോജിക്കുന്നവെന്നും കോടതിയിൽ പോയാൽ കേസിൽ കക്ഷിചേരാൻ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
പി സി വിഷ്ണുനാഥ് (കോൺഗ്രസ് ഐ), സത്യൻ മൊകേരി (സിപിഐ), പി കെ കുഞ്ഞാലിക്കുട്ടി (ഐയുഎംഎൽ), സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് എം), പി ജെ ജോസഫ് (കേരള കോൺഗ്രസ്), മാത്യു ടി തോമസ് (ജനതാദൾ സെക്യുലർ), തോമസ് കെ തോമസ് (എൻസിപി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എസ്), കെ ജി പ്രേംജിത്ത് (കേരള കോൺഗ്രസ് ബി), അഡ്വ. ഷാജ ജി എസ് പണിക്കർ (ആർഎസ്പി ലെനിനിസ്റ്റ്) കെ ആർ ഗിരിജൻ (കേരള കോൺഗ്രസ് ജേക്കബ്), കെ സുരേന്ദ്രൻ (ബിജെപി), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), ആൻറണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


