ഗ്രാമീണ, മലയോര മേഖലകളില്‍ കുട്ടിബസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം : ഗ്രാമീണ, മലയോര മേഖലകളില്‍ കുട്ടിബസുമായി കെഎസ്ആര്‍ടിസി. 28-32 സീറ്റുള്ള ബസുകളാണ് പുറത്തിറക്കുന്നത്. ഡീസല്‍ ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നതാണ് നേട്ടമായി മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറയുന്നത്. ടാറ്റയുടെ 32 സീറ്റുള്ള ബസിന്റെ ട്രയല്‍ റണ്‍ അദ്ദേഹം വ്യാഴാഴ്ച നടത്തി. കെഎസ്ആര്‍ടിസി സിഎംഡിയും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു. ചാക്ക മുതല്‍ ശംഖുംമുഖംവരെ മന്ത്രി ബസ് ഓടിച്ചു. 8.63 മീറ്റര്‍ നീളവും 2.3 മീറ്റര്‍ വീതിയുമുള്ള ബസ് ടാറ്റയുടെ മാര്‍ക്കപോളോ സീരീസില്‍പ്പെടുന്നതാണ്.

ഇടുങ്ങിയ റോഡിലും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലൂടെയുമാണ് കുട്ടിബസ് ഓടിക്കുക. വെള്ളി മുതല്‍ രാവിലെ 6.40 മുതല്‍ പത്തനാപുരം ഡിപ്പോയില്‍നിന്ന് കൊട്ടാരക്കരയിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തും. നിലവിലുള്ള ഓര്‍ഡിനറി ബസിന് പകരമാകുമിത്. കുര, മൈലം വഴി 50 മിനിറ്റുകൊണ്ട് കൊട്ടാരക്കരയില്‍ എത്തും. തിരികെ 7.40നാണ് സര്‍വീസ്. ദിവസം എട്ട് സര്‍വീസുണ്ടാകും. നോണ്‍ എസിയാണ്. യാത്രക്കാര്‍ക്ക് നിന്നും യാത്ര ചെയ്യാം.

പത്തുദിവസത്തിനുശേഷം തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും പരീക്ഷണാടിസ്ഥാനത്തില്‍ മിനി ബസ് സര്‍വീസ് നടത്തും. കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ ബസ് നല്‍കാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. പഴയ കെഎസ്ആര്‍ടിസി മാറ്റി പകരം കുട്ടിബസുകള്‍ അനുവദിക്കും. പുതിയ റൂട്ടുകളിലും സര്‍വീസ് നടത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top