നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പിടിയില്‍

പാലക്കാട്: നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പിടിയില്‍. പാലക്കാട്-ആലത്തൂര്‍ ദേശീയപാതയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ആണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരില്‍ നിന്ന് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍മാര്‍ പിടിയിലായത്.

കുഴല്‍മന്ദത്ത് കെ എസ് ആര്‍ ടി സി ബസ്സിടിച്ച് രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തെത്തുടര്‍ന്നായിരുന്നു പരിശോധന. കോയമ്പത്തൂര്‍ പത്തനംതിട്ട ബസ്സിലെ ഡ്രൈവറില്‍ നിന്നാണ് ഹാന്‍സ് പിടിച്ചത്. പരിശോധനയില്‍ രണ്ട് കണ്ടക്ടര്‍മാര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്തതായും കണ്ടെത്തി. ഇന്നലെ രാത്രി 9.30 ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ വരെ നീണ്ടു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കുഴല്‍മന്ദം വെള്ളപ്പാറയില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. കെഎസ്ആര്‍ടിസി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദര്‍ശ് , കാഞ്ഞങ്ങാട് മാവുങ്കാല്‍ ഉദയന്‍ കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. വേഗതയാണ് അപകടത്തിന് കാരണം എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഒരു കാറിന്റെ ഡാഷ് ബോര്‍ഡിലെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് കെഎസ്ആര്‍ടിസി ബസിന്റെ പങ്ക് വ്യക്തമായത്. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

Share news
error: Content is protected !!
Scroll to Top