കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

വഴിക്കടവ്: കെഎസ്ആര്‍ടി സി കണ്ടക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. ഇന്നു രാവിലെ ഡ്യൂട്ടിയില്‍ പ്രവേശിക്കാനൊരുങ്ങുന്നതിനിടെയാണ് വഴിക്കടവിലെ ടൂറിസ്റ്റ്‌ഹോമില്‍ പെരിന്തല്‍മണ്ണ ഡിപ്പോയിലെ കണ്ടക്ടര്‍ വൈലോങ്ങര കുറുകയില്‍ വീട്ടില്‍ കെ.എസ് ഷാജു സ്‌കറിയ (55) കുഴഞ്ഞുവീണ് മരിച്ചത്. ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.

ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വഴിക്കടവിലെത്തിയ പെരിന്തല്‍മണ്ണ ഡിപ്പോ ബസിലെ കണ്ടക്ടറാണ് ഷാജു. രാവിലെ പെരിന്തല്‍മണ്ണയിലേക്ക് പോവുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു.

ഉടന്‍തന്നെ കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അനീഷ് ബാബു നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്‌കാര ശുശ്രൂഷകള്‍ വൈകിട്ട് 5.30ന് വൈലോങ്ങരയിലെ വീട്ടില്‍. തുടര്‍ന്ന് സംസ്‌കാരം പരിയാപുരം ഫാത്തിമ മാതാ ദേവാലയത്തില്‍.

Related Articles