കെഎസ്ആർടിസി ബസ് ടയർ പഞ്ചറായി: യാത്രക്കാർ പെരുവഴിയിൽ; ഒടുവിൽ യാത്രക്കാരും നാട്ടുകാരും പിരിവെടുത്ത് നന്നാക്കി, യാത്ര തുടർന്നു..

HIGHLIGHTS : KSRTC bus tire punctured: Passengers on the highway; Finally, passengers and locals collected it, repaired it, and continued their journey.

കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ് കൊളപ്പുറം അങ്ങാടിയിൽ വെച്ച് ടയർ പഞ്ചറായി വഴിയിൽ കുടുങ്ങി. ബസ് ജീവനക്കാർ നന്നാക്കാൻ രണ്ട് മണിക്കൂറിലധികം സമയമെടുക്കുമെന്ന് അറിയിച്ചതോടെ, യാത്രക്കാരും നാട്ടുകാരും ചേർന്ന് പണം പിരിച്ച് ടയർ മാറ്റി സ്ഥാപിക്കുകയായിരുന്നു.

രാത്രി 10:30-ഓടെയാണ് സംഭവം. എടപ്പാൾ ഡിപ്പോയിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ സഹായമെത്തുമെന്നും ബസ് ജീവനക്കാർ യാത്രക്കാരെ അറിയിച്ചു. അത്യാവശ്യമുള്ളവർക്ക് മറ്റ് വാഹനങ്ങളിൽ പോകാനും നിർദ്ദേശിച്ചു.

എന്നാൽ, മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ യാത്രക്കാർ, പ്രാദേശികമായി ഒരു മെക്കാനിക്കിനെ വിളിച്ച് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു. ഇതിന് ഔദ്യോഗികമായി അനുമതിയില്ലാത്തതിനാൽ പണം ചെലവാക്കാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചതോടെ, യാത്രക്കാർ തന്നെ പണം പിരിച്ച് നൽകാമെന്ന് ഏറ്റു. നാട്ടുകാരും ഈ വിഷയത്തിൽ ഇടപെട്ടതോടെ, യാത്രക്കാർ ചേർന്ന് 1300 രൂപ സമാഹരിച്ചു.

കക്കാട് കാച്ചടിയിലെ ടയർ കടക്കാരെ വിളിച്ചുവരുത്തി നടത്തിയ പരിശോധനയിൽ, ടയറിൽ ആണി കയറി ട്യൂബ് തകരാറിലായതാണെന്ന് കണ്ടെത്തി. യാത്രക്കാർ സമാഹരിച്ച പണം ഉപയോഗിച്ച് 1000 രൂപയ്ക്ക് ഒരു സെക്കൻഡ് ഹാൻഡ് ട്യൂബ് വാങ്ങി മാറ്റി സ്ഥാപിച്ചു. കൂടാതെ, ക്ലാപ്പിന്റെ തകരാറും പരിഹരിച്ചതോടെ വെറും അരമണിക്കൂറിനകം ബസ് യാത്ര പുനരാരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!