HIGHLIGHTS : Kozhikode Women's Football Club winners
കോഴിക്കോട്:അന്താരാഷ്ട്ര വനിത ദിനാഘോഷത്തോട് അനുബന്ധിച്ച് വെള്ളിമാടുകുന്ന് ജെന്‍ഡര്‍ പാര്‍ക്കിന്റെയും യുഎന്‍ വിമന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘ഗോള്‍ ഫോര്‍ ഇക്വാലിറ്റി’ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. കോഴിക്കോട് വിമന്‍ ഫുട്‌ബോള്‍ ക്ലബ് ജേതാക്കളായി. 7-7 തുല്യ സ്‌കോറില്‍ കലാശിച്ച പെനാല്‍റ്റി ഷൂട്ടൗട്ടിനെ തുടര്‍ന്ന് വിജയിയെ ടോസിട്ട് തെരഞ്ഞെടുക്കുകയായിരുന്നു. സിവില്‍ സര്‍വന്റ്‌സ് മലപ്പുറമാണ് റണ്ണേഴ്‌സ് അപ്പ്.
വിജയികള്‍ക്ക് ഫിഫ ഇന്ത്യന്‍ കോച്ച് ബെന്റ്‌ല ഡികോത്ത ട്രോഫി സമ്മാനിച്ചു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ലോകകപ്പ് കളിച്ച ആദ്യ മലയാളി താരം സരസമ്മ ലളിത കിക്കോഫ് ചെയ്ത് ടൂര്‍ണമെന്റിന് ആരംഭം കുറിച്ചു.
സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഫെനിഷ കെ തോമസ്, ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി, റിട്ട. സബ് ഇന്‍സ്പെക്ടര്‍ എന്‍ എ വിനയ, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി സജേഷ്, യുഎന്‍ വിമന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. പീജ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആഗോള തലത്തില്‍ സ്ത്രീകള്‍ കൈവരിച്ച പുരോഗതിയും ലിംഗസമത്വത്തിനായി അവര്‍ നടത്തുന്ന പോരാട്ടങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള അവസരമാണ് അന്താരാഷ്ട്ര വനിത ദിനം. കായികരംഗത്ത് വനിത പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക, സ്ത്രീകള്‍ക്കെതിരായ വാര്‍പ്പുമാതൃകകളും പക്ഷഭേദങ്ങളും വെല്ലുവിളികളും ചോദ്യം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
കുടുംബശ്രീ, ഹരിത കര്‍മ്മ സേന അംഗങ്ങളുടെയും കുഴിമണ്ണ വാരിയേഴ്‌സും ഫൈറ്റേഴ്‌സ് ഉറങ്ങാട്ടേരിയും ഉദ്ഘാടന വേളയിലും മാധ്യമ പ്രവര്‍ത്തകരും ദേശീയ ആരോഗ്യ ദൗത്യ പ്രവര്‍ത്തകര്‍ വൈകീട്ട് 3.15 നും ബാര്‍ കൗണ്‍സില്‍ അംഗങ്ങളായ അഭിഭാഷകരും ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥരും വൈകീട്ട് 4.45 നും സൗഹൃദ പ്രദര്‍ശന മത്സരത്തിനായി ബൂട്ടണിഞ്ഞു. പ്രദര്‍ശന മത്സര വിജയികള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ ട്രോഫികള്‍ സമ്മാനിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു