പെട്രോള്‍ പമ്പ് ഡീലര്‍- തൊഴിലാളി പ്രശ്‌നം അടിയന്തര യോഗം ചേര്‍ന്ന് പരിഹരിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

കോഴിക്കോട്:പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ടാങ്കര്‍ലോറി തൊഴിലാളി സംഘടനാ നേതാക്കളുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് ഇരുവിഭാഗക്കാരും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പഞ്ഞു. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ടാങ്കര്‍ലോറി തൊഴിലാളി സംഘടനാ നേതാക്കളും പെട്രോളിയം കമ്പനി മാനേജര്‍മാരുമായി കളക്ടറേറ്റില്‍ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ഞായറാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ വേണ്ടിവന്നാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ചില പമ്പുകള്‍ക്ക് ലോഡ് നിഷേധിക്കുന്നതായുള്ള പമ്പ് ഉടമകളുടെ പരാതിയും ടാങ്കര്‍ ലോറി തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ബത്തയില്‍ കാലോചിതമായ മാറ്റം വരണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യമുള്‍പ്പെടുയുള്ള കാര്യങ്ങള്‍ ഉചിതമായ രീതിയില്‍ പരിഹരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പമ്പുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാത്ത രീതിയില്‍ ഇരു വിഭാഗവും ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ എഡിഎം സി മുഹമ്മദ് റഫീഖ്, പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് ഭാരവാഹികള്‍, ടാങ്കര്‍ ലോറി തൊഴിലാളികള്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസിയില്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top