തൃശ്ശൂര്‍: ബൈപ്പാസ് നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്കെതിരെ അന്ത്യശാസനം നല്‍കി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ബൈപാസ് ആറുവരി പാത വികസനം മുടങ്ങി നില്‍ക്കുന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടിയന്തര യോഗം വിളിച്ച് ചേര്‍ത്തത്. രാമനാട്ടുകര മുതല്‍ വെങ്ങളം വരെ 28.4 കിലോമീറ്ററാണ് ആറുവരിപാതയായി വികസിപ്പിക്കുന്നതിന് 2018 ഏപ്രിലില്‍ കരാര്‍ ഉറപ്പിച്ചിട്ടും പദ്ധതിയുടെ നിര്‍മ്മാണം ഇനിയും തുടങ്ങാത്തതില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
കരാറുകാര്‍ക്ക് പല തവണ കത്ത് നല്‍കിയെങ്കിലും പ്രശ്നം പരിഹരിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചു. കരാര്‍ ഏറ്റെടുത്ത കെ. എം. സി കണ്‍സ്ട്രക്ഷന്‍ കത്തിന് മറുപടി പോലും നല്‍കാന്‍ കൂട്ടാക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു.
സംസ്ഥാന റോഡ് വികസനത്തിലെ പ്രധാന പദ്ധതിയായ കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിര്‍മാണ പ്രവൃത്തി വൈകിക്കുന്ന കരാര്‍ കമ്പനിയുടെ അനാസ്ഥയില്‍ ശക്തമായി ഇടപെടുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് യോഗ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കരാര്‍ കമ്പനിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്. രാമനാട്ടുകര മുതല്‍ വെങ്ങളം വരെ 28.4 കിലോമീറ്ററാണ് ആറുവരിയായി വികസിപ്പിക്കുന്നത്. 2018 ഏപ്രിലില്‍ കരാര്‍ ഉറപ്പിച്ച ഏഴു മേല്‍പാലങ്ങള്‍ ഉള്‍പ്പെടെയുള്ള ബൃഹദ് പദ്ധതിയാണ് കോഴിക്കോട് ബൈപാസ് ആറുവരിപ്പാത. രണ്ടു വര്‍ഷമായിരുന്നു കരാര്‍ കാലാവധി. 2020 ല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയാണ് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ കരാര്‍ കമ്പനിയുടെ അനാസ്ഥ കാരണം നിര്‍മാണപ്രവൃത്തി നടന്നില്ല. കെ. എം. സി കണ്‍സ്ട്രഷന്‍ കമ്പനിയാണ് കരാറുകാര്‍.
മഴക്കാലത്ത് ദേശീയപാതയില്‍ കുഴികള്‍ രൂപപ്പെടുന്നത് യാത്രക്കാരുടെ മരണത്തിന് ഇടയാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി തവണ കത്തെഴുതിയിട്ടും പ്രശ്നം പരിഹരിക്കാന്‍ കരാറുകാര്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ കരാറുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഒരുതരത്തിലും ഇത്തരം സമീപനം പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു.




