കൊയിലാണ്ടിയില്‍ കണ്ടെയ്‌നര്‍ ലോറിയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; കുറ്റിപ്പുറം സ്വദേശിയുള്‍പ്പെടെ 2 പേര്‍ മരിച്ചു

കോഴിക്കോട്: കൊയ്‌ലാണ്ടിയില്‍ ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറിയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ടെയ്‌നര്‍ ലോറിയിലുണ്ടായിരുന്ന മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം സ്വദേശി ജാഫറും, ടാങ്കര്‍ ലോറിയിലെ ഡ്രൈവര്‍ രാജേന്ദ്രനുമാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 3.40 ഓടെ നാഷണല്‍ ഹൈവേയില്‍ ബസ് സ്റ്റാന്റിന് സമീപമാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് മീന്‍ കയറ്റി പോവുകയായിരുന്ന കെ എല്‍ 55 കെ 8047 കണ്ടയിനര്‍ ലോറിയും ടി എന്‍ 88 എ 8581 നമ്പര്‍ മംഗലാപുരത്ത് നിന്നും എല്‍പിജി കയറ്റി വന്ന ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഇരു ലോറികളിലുമുണ്ടായിരുന്ന വര്‍ക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റു. മീന്‍ ലോറിയിലുണ്ടായിരുന്ന ബാപ്പു ,അബൂബക്കര്‍ എന്നിവരും എല്‍പിജി വണ്ടിയിലെ ക്ലീനര്‍ തമിഴ്നാട് സ്വദേശിയും ചികിത്സയിലാണ്. മീന്‍ വണ്ടിയിലുണ്ടായിരുന്ന ബാപ്പുവിന്റെ നില ഗുരുതരമാണ്.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു.

Related Articles