പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം: മലപ്പുറം ജില്ലയില്‍ 36 കുടിവെള്ള പദ്ധതികള്‍ പുനഃസ്ഥാപിച്ചു

മലപ്പുറം: ജില്ലയിലെ കേരള വാട്ടര്‍ അതോറിറ്റിയുടെ പി.എച്ച് ഡിവിഷന് കീഴിലെ പ്രളയത്തെത്തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച 41 പദ്ധതികളില്‍ 36 എണ്ണവും പൂര്‍ത്തീകരിച്ചു. സംസ്ഥാനം നേരിട്ട മഹാ പ്രളയത്തില്‍ മുടങ്ങിപ്പോയ കുടിവെള്ള വിതരണം പുനരാരംഭിക്കുന്നതിനായി സര്‍ക്കാറും ജല അതോറിറ്റിയും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ നീക്കങ്ങളാണ് പദ്ധതികള്‍ യഥാസമയം പുനഃസ്ഥാപിക്കാന്‍ സഹായകമായത്.

കേരള വാട്ടര്‍ അതോറിറ്റിയുടെ പി.എച്ച് ഡിവിഷന് കീഴില്‍ ജില്ലയിലെ ചാലിയാര്‍, കടലുണ്ടി, തൂത എന്നീ പുഴകളിലെ ജല വിതാനം ഉയര്‍ന്നതും മണ്ണിടിച്ചിലും ഭിത്തികളുടെ തകര്‍ച്ചയുമാണ് വിവിധ പദ്ധതികളിലെ പമ്പ് സെറ്റുകള്‍ക്കും അനുബന്ധ ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും കേടു പാടുകള്‍ വരുത്തിയത്.
ഇതിന് പരിഹാരമായി 1.50 ലക്ഷം രൂപയില്‍ കുറവുളള 33 പ്രവൃത്തികള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ഉള്‍പ്പെടുത്തി 13.52 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കൂടാതെ 1.50 ലക്ഷം രൂപയില്‍ കൂടുതലുളള എട്ട് പ്രവൃത്തികള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിനോടൊപ്പം സംസ്ഥാന വിഹിതവും ചേര്‍ത്ത് 2.39 കോടി രൂപയുടെ അനുമതിയും ലഭിച്ചു. തുടര്‍ന്ന് 34 പ്രവൃത്തികള്‍ സമയബന്ധിതമായി തകരാറുകള്‍ പരിഹരിച്ച് എല്ലാ കുടിവെളള പദ്ധതികളും പ്രവര്‍ത്തനസജ്ജമാക്കുകയായിരുന്നു. കൂട്ടിലങ്ങാടി പഞ്ചായത്തിലെ മുണ്ടയില്‍പടി ശുദ്ധജല വിതരണ പദ്ധതിയുടെ കേടുവന്ന പമ്പിങ് മെയിന്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയും, എടക്കര ശുദ്ധജല വിതരണ പദ്ധതിയുടെ കിണറിന്റെയും പമ്പ് ഹൗസിന്റെയും അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചു.

ശേഷിക്കുന്ന അഞ്ച് പദ്ധതികളില്‍ മലപ്പുറം ശുദ്ധജല വിതരണ പദ്ധതിയുടെ ഹാജിയാര്‍പളളി പദ്ധതിയുടെ സംഭരണിയുടെ കേടുവന്ന ചുറ്റുമതില്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയും പെരിന്തല്‍മണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ കേടുവന്ന ചുറ്റുമതില്‍ പുനര്‍ നിര്‍മ്മാണവും മമ്പാട് ശുദ്ധജല വിതരണ പദ്ധതിയുടെ കിണറിന്റെയും പമ്പ് ഹൗസിന്റെയും അറ്റകുറ്റപ്പണികളും മലപ്പുറം ശുദ്ധജല വിതരണ പദ്ധതിയുടെ മണ്ണാര്‍കുണ്ട് കിണറിനു സമീപത്തുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണവും രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് നീക്കം. നിലമ്പൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ ശുദ്ധീകരണ ശാലക്കു സമീപത്തെ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം ഏഴ് മാസത്തിനകവും പൂര്‍ത്തീകരിക്കും.

Related Articles