മലപ്പുറം : ജില്ലയില്‍ കോവിഡ് ബാധിച്ച് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായ ആറ് പേര്‍ തിങ്കളാഴ്ച കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങും. ജില്ലയിലെ ആദ്യ കോവിഡ് ബാധിതരില്‍ ഒരാളായ അരീക്കോട്ടെ 60 കാരിയുള്‍പ്പെടെയുള്ളവര്‍ രോഗം ഭേദമായി മടങ്ങുന്നവരില്‍ ഉള്‍പ്പെടും. ഇത്രയധികം പേര്‍ രോഗമുക്തരായി ഒരുമിച്ച് ആശുപത്രി വിടുന്നത് സംസ്ഥാന സര്‍ക്കാറിന്റെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടേയും ജില്ലയില്‍ തുടരുന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളുടേയും വലിയ വിജയമാണന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. ഇവര്‍ വീട്ടിലേക്കു മടങ്ങുന്നതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം എട്ടാവും.
മാര്‍ച്ച് 13ന് വൈറസ് ബാധ സ്ഥിരീകരിച്ച അരീക്കോട് ചെമ്രക്കാട്ടൂര്‍ വെള്ളേരി സ്വദേശിനി ഫാത്തിമ (60), മാര്‍ച്ച് 24 ന് വൈറസ് ബാധ സ്ഥിരീകരിച്ച താനൂര്‍ താനാളൂര്‍ മീനടത്തൂര്‍ സ്വദേശി അലിഷാന്‍ സലീം (28), മാര്‍ച്ച് 22ന് രോഗബാധ കണ്ടെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി മുഹമ്മദ് സഹദ് (24), വേങ്ങര കൂരിയാട് സ്വദേശി അബ്ദുള്‍ കരീം (31), മാര്‍ച്ച് 29 ന് രോഗബാധ കണ്ടെത്തിയ മഞ്ചേരി പയ്യനാട് സ്വദേശി മുഹമ്മദ് ബഷീര്‍ (41), ഏപ്രില്‍ ഒന്നിന് കോവിഡ് ബാധ സ്ഥിരീകരിച്ച എടപ്പാള്‍ സ്വദേശി ഫാസില്‍ (31) എന്നിവരാണ് രോഗം ഭേദമായി ഇന്ന് വീടുകളിലേക്ക് മടങ്ങുന്നത്.
ഐസൊലേഷന്‍ കേന്ദ്രത്തിലെ ചികിത്സക്കു ശേഷം വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച ഇവര്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗമുക്തരായവരുടെ ആരോഗ്യനില തൃപ്തികരമാണന്ന് ഉറപ്പാക്കിയ ശേഷമാണ് വീടുകളിലേക്ക് അയക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നാളെ രാവിലെ 10 മണിക്കാണ് ആറുപേരും ആശുപത്രി വിടുക. വീടുകളില്‍ എത്തിയിട്ടും ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരമുള്ള പ്രത്യേക നിരീക്ഷണത്തില്‍ തുടരും.
ജില്ലയില്‍ ഇപ്പേള്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായി ആശുപത്രി വിട്ടു. 17 പേരാണ് നിലവില്‍ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ളത്.
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 12) മുതല്‍ 68 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 13,269 ആയി




