കോതമംഗലത്ത് അരുംകൊല; വിദ്യാര്‍ത്ഥിനിയെ വെടിവെച്ചുകൊന്നു, കൊലയാളി ജീവനൊടുക്കി

കോതമംഗലം:  കേരളം കേട്ടുകേള്‍വിയില്ലാത്ത അരുംകൊലക്ക് സാക്ഷ്യം വഹിച്ചു. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ദന്തല്‍കോളേജിലെ വിദ്യാര്‍ത്ഥിനി കണ്ണൂര്‍ സ്വദേശിനി മാനസ(24)യെയാണ് വെടിവെച്ച് കൊന്നത്. നേരത്തേ മാനസയുടെ സുഹൃത്തായിരുന്ന കണ്ണൂര്‍ സ്വദേശി രാഖിന്‍ ആണ് കൊല നടത്തിയത്. ഇയാളും സ്വയം വെടിവെച്ച് മരിച്ചു. ഇരുവരും കണ്ണൂര്‍ നാരത്ത് സ്വദേശികളാണ്..

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഇന്ന് വൈകീട്ട് കോളേജിന് സമീപത്ത് പെണ്‍കുട്ടികള്‍ വാടകക്ക് താമസിക്കുന്ന ഇരുനില വീടിന്റെ മുകളില്‍ വെച്ചാണ് കൊല നടന്നത്. ഒപ്പം താമസിക്കുന്ന കുട്ടികളുടെ ഇടയില്‍ നിന്നും പിടിച്ചിറക്കി തൊട്ടടുത്ത മുറിയിലേക്ക് കൊണ്ടുപോയി വാതിലടക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ ഒച്ചവെച്ചെങ്ങിലും ഇയാള്‍ മുറി തുറക്കാന്‍ തയ്യാറായില്ല. പിന്നീട് മുറിയില്‍ നിന്നും വെടിയൊച്ച കേട്ടതോടെ കുട്ടികള്‍ നാട്ടുകാരെ വിളിച്ചുകൂട്ടി വാതില്‍ പൊളിച്ച് കയറുകയായിരുന്നു. അപ്പോളാണ് ഇരുവരേയും വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മാനസ നാലാം വര്‍ഷ ഡെന്റല്‍ വിദ്യാര്‍ത്ഥിയാണ്. മാനസയോട് രാഖിന്‍ നാട്ടില്‍ വെച്ച് നിരന്തരം പ്രണായഭ്യര്‍ത്ഥന നടത്തി ശല്യം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇത് പോലീസില്‍ പരാതിയായതിനെ തുടര്‍ന്ന് ഇരുകൂട്ടരേയും വിളിച്ച് രമ്യതയിലാക്കി വിട്ടന്നാണ് റിപ്പോര്‍ട്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറൽ പൊലീസ് അറിയിച്ചു. സുഹൃത്തുക്കളുടെ മൊഴികൾ ഉടൻ രേഖപ്പെടുത്തും. കൊലയാളി ജീവനൊടുക്കിയതിനാൽ കൊലയ്ക്ക് പിന്നിലെ കാരണമാണ് ഇനി പൊലീസ് അന്വേഷിക്കുക.

മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •