Section

malabari-logo-mobile

ചൂണ്ടക്കൊളുത്തിലെ മീൻപിടച്ചിൽ …..

HIGHLIGHTS : കോഴിക്കോട് റവന്യുജില്ല കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കക്കുകളി എന്ന നാടകത്തെ കുറിച്ച് സാംസ്‌കാരിക പ്രവര്‍ത്തകനും ...

കോഴിക്കോട് റവന്യുജില്ല കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കക്കുകളി എന്ന നാടകത്തെ കുറിച്ച് സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ കൃഷ്ണദാസ് ലോകനാര്‍കാവ് എഴുതുന്നു

”ചൂണ്ടക്കൊളുത്തിൽ ഇര കോർക്കുന്ന പോലെയാ മഠത്തിലെ ദൈവവിളിയുടെ അന്നം .പിള്ളേരതു രുചിച്ചു വീണാ പിന്നെ മീനിനെ പോലെയാ ”…..

sameeksha-malabarinews

2017 നവംബറിൽ മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ച ഫ്രാൻസിസ് നെറോണ (Francis Noronha ) യുടെ ”കക്കുകളി ” എന്ന കഥയിലെ ഒരു വാക്യമാണിത് .കഥയിൽ പല മട്ടിൽ ആവർത്തിക്കപ്പെടുന്ന ഈ വാക്യം കഥയുടെ അടയാളവാക്യം തന്നെയായി മാറുന്നുണ്ടെന്ന് പാരായണാനന്തരം വായനക്കാരന് ബോധ്യമാകും .അരമനകളിലും പള്ളിമേടകളിലും കന്യാസ്ത്രീ മഠങ്ങളിലും കാലങ്ങളായി വീണുറഞ്ഞുപോയ ദേവവധുക്കളുടെ കണ്ണീരും ചോരയും രോഷവും ഹിമാനികൾ പോലെ ഉരുകിയൊഴുകി പെരുവെള്ളപാച്ചിലായി നമ്മുടെ നാടും നഗരവും ഏതാനും നാളുകളെങ്കിലും മുക്കിക്കളയുന്നതിനു മുമ്പാണ് നെറോണ ഈ കഥയെഴുതിയത് .പെൺകരുത്തിനെ നാമജപ ഘോഷയാത്ര പോലെ പ്രഹസനമാക്കി മാറ്റുന്ന കലുഷമായ വർത്തമാനകാലാനുഭവങ്ങൾക്കിടയിലും പെണ്ണുയിർപ്പിന്റെ അപൂർവ്വവും പ്രകാശപൂർണ്ണവുമായ മുഹൂർത്തമായി കന്യാസ്ത്രീകളുടെ സമരം നമ്മുടെ നവോത്ഥാന ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും .

പള്ളിമതത്തിനു നേരെയുള്ള തീക്ഷ്ണവിമർശനത്തിന്റെ അമ്ലമഷി കൊണ്ടെഴുതിയ ” തൊട്ടപ്പനും ” ”പെണ്ണാച്ചി ” യും
പോലെ നെറോണയുടെ ”കക്കുകളി ” യും പൊള്ളിക്കുന്ന വായനാനുഭവമാണ് . കമ്യൂണിസ്റ്റുകാരനായ അപ്പൻ കറുമ്പൻ സഖാവിന്റെ മകൾ  നതാലിയ സഹനത്തിന്റെയും ക്ഷമയുടെയും മുൾക്കിരീടം കുടഞ്ഞെറിഞ്ഞ് ദുരധികാരപ്രമത്തതയുടെയും  ലൈംഗിക അരാജകത്വത്തിന്റെയും മതാധികാരബിംബങ്ങളെ സഹജമായ വിപ്ലവബോധം കൊണ്ട് വാരിക്കുഴികുത്തി വീഴ്ത്തി പരിഹാസ്യരാക്കി മഠം വിട്ടിറങ്ങി തന്റെ സ്വാതന്ത്ര്യത്തിന്റെ സ്വർഗ്ഗത്തിലേക്കും കക്കുകളിയുടെ ബാല്യകാല നിഷ്കളങ്കതയിലേക്കും മടങ്ങിപ്പോകുന്നതാണ് കഥയുടെ പ്രമേയതലം .

പോയ വർഷത്തെ തീക്ഷ്ണമായ വായനാനുഭവമായി മാറിയ ഈ കഥക്ക് ‘കക്കുകളി ‘ എന്ന പേരിൽ തന്നെ നാടകാവിഷ്കാരം നൽകി കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ അരങ്ങിലെത്തിച്ച് ഒന്നാം സ്ഥാനവും മികച്ച നടനുള്ള പുരസ്കാരവും (ഹയർ സെക്കണ്ടറി വിഭാഗം) നേടി സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാ ണ് ബാലുശ്ശേരി കോക്കല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ നാടക സംഘം . 6 തവണ മികച്ച സംവിധായകനുള്ള സംസ്ഥാന പ്രൊഫഷണൽ നാടക പുരസ്കാരവും കുട്ടികളുടെ മികച്ച നാടകത്തിനുള്ള കലോത്സവ പുരസ്കാരവും നിരവധി അമേച്വർ നാടക അവാർഡുകളും നേടിയ മനോജ് നാരായണനാണ് നെറോണയുടെ കഥയ്ക്ക്  നാടകാവിഷ്കാരം നൽകി സംവിധാനം ചെയ്ത് വേദിയിലെത്തിച്ചത് .

വാഗതീതമായ സംവാദ ശക്തിയാർന്ന മുഹൂർത്തങ്ങൾ സൃഷ്ടിച്ച് ഋജുവും അസങ്കീർണ്ണവുമായ ഒരു Narrative ലൂടെ സമകാലിക ജീവിതത്തിന്റെ നേർക്കാഴ്ച തന്നെയാണ് സംവിധായകൻ സൃഷ്ടിക്കുന്നത് .
അരങ്ങൊരുക്കത്തിലും അവതരണത്തിന്റെ സൂക്ഷ്മാംശങ്ങളിലും അടിമുടി കാണപ്പെടുന്ന ലാളിത്യം പ്രശംസനീയമാണ് . കക്കുകളിയുടെ കളത്തെ അനുസ്മരിപ്പിക്കും വിധം സന്ദർഭത്തിനനുസരിച്ച് പലതായി മാറുന്നുണ്ട് നാടക സെറ്റായി ഉപയോഗിക്കുന്ന ഫ്രെയിം .

ബൈബിളിലെ രാക്ഷസരൂപിയായ ഗോല്യാത്തിനെ കവണക്കല്ലു കൊണ്ടു വീഴ്ത്തുന്ന ദാവീദിനെപ്പോലെ
കക്കുകളിയുടെ ക്രീഡായുക്തി കൊണ്ട് കീഴടക്കുകയാണ് നൃശംസതയുടെ ആൾരൂപങ്ങളായ മതാധികാരബിംബങ്ങളെ നതാലിയ . ക്രിസ്തുവിന്റെ ജന്മദിനം അഥവാ ക്രിസ്തുമസ് എന്നർത്ഥമുള്ള ” നതാലെ ഡോമിനി  (Natale domini)”  എന്ന പ്രാചീന ലാറ്റിൻ സാഹിത്യഭാഷാ പദത്തിൽ നിന്നാണ് നതാലിയ എന്ന പെൺപേരിന്റെ ഉൽപ്പത്തി . ലാറ്റിനിൽ നിന്നാണ്  പിൽക്കാലത്ത് റഷ്യൻ ഭാഷയിലേക്ക് ഈ നാമം കടന്നു വന്നത് .ടോൾസ്റ്റോയിയുടെ  യുദ്ധവും സമാധാനവും (War and peace) എന്ന നോവലിലെ ഉജ്വല കഥാപാത്രം കൂടിയാണ് നടാഷ എന്നു കൂടി പേരുള്ള നതാലിയ റൊസ്റ്റോവ .
അസാമാന്യമായ പ്രസാദാത്മകതയും ജീവന വീര്യവും പ്രസരിപ്പിക്കുന്ന ഈ ടോൾസ്റ്റോയ് കഥാപാത്രത്തെ കുറിച്ചറിഞ്ഞിട്ടാണോ പഴയ കമ്യൂണിസ്റ്റുകാരനും സോവിയറ്റ് ആരാധകനുമായ കറുമ്പൻ സഖാവ് തന്റെ ഓമനമകൾക്ക് നതാലിയ എന്ന പേരിട്ടത് ? കഥാകൃത്ത് കൂടുതൽ സൂചനകളൊന്നും നൽകുന്നില്ല .എങ്കിലും കഥയിലേതുപോലെ നാടകത്തിലും ടോൾസ്റ്റോയ് കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധം നതാലിയ നിറഞ്ഞു നിൽക്കുന്നു .

പ്രിയ സുഹൃത്തുക്കളായ കഥാകൃത്ത് ഫ്രാൻസിസ് നെറോണയ്ക്കും സംവിധായകൻ മനോജ് നാരായണനും ബാലുശ്ശേരി കോക്കല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിന്റെ നാടക സംഘത്തിനും
അനുമോദനങ്ങൾ ….

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!