Section

malabari-logo-mobile

കൊണ്ടോട്ടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട;ബ്രൗണ്‍ഷുഗറും എം.ഡി.എം.എയും കഞ്ചാവുമായി പ്രവാസി യുവാവ് പിടിയില്‍

HIGHLIGHTS : കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബ്രൗണ്‍ഷുഗറും എം.ഡി.എം.എയും കഞ്ചാവുമായി പ്രവാസി യുവാവ് പിടിയിലായി. കൊണ്ടോട്ടി ഒഴുകൂര്‍ മലയത്ത...

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബ്രൗണ്‍ഷുഗറും എം.ഡി.എം.എയും കഞ്ചാവുമായി പ്രവാസി യുവാവ് പിടിയിലായി. കൊണ്ടോട്ടി ഒഴുകൂര്‍ മലയത്തോട്ടത്തില്‍ സ്വദേശി കച്ചേരിക്കല്‍ വീട്ടില്‍ ഷെഫീക്ക്(28)ആണ് പിടിയിലായത്. മാസങ്ങള്‍ക്ക് മുമ്പാണ് സൗദിയില്‍ ജോലി ചെയ്തിരുന്ന ഷെഫീക്ക് നാട്ടിലെത്തിയത്.
എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മഞ്ചേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.ജിനീഷും സംഘവും നടത്തിയ പരിശോധനയാലാണ് പ്രതി വീട്ടില്‍ വെച്ച് പിടിയിലായത്. ന്യൂ ഇയര്‍ പ്രമാണിച്ച് ഇയാളുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി മേഖലയില്‍ വെച്ച് കോഴിക്കോട് ജില്ലയിലേക്ക് ഉള്‍പ്പെടെ വ്യാപകമായി വിവിധ മയക്കുമരുന്നുകള്‍ വില്‍പന നടത്തിയതായി വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് നിരീക്ഷണത്തിലായരുന്ന ഇയാള്‍ വീട്ടില്‍ വച്ച് വില്പനയ്ക്കായി മയക്കുമരുന്നുകള്‍ ചെറു പൊതികളിലാക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. ഷെഫീക്കില്‍ നിന്ന് 50 ഗ്രാം ബ്രൗണ്‍ ഷുഗറും 13.270 ഗ്രാം എം.ഡി.എം.എ-യും ഒന്നര കിലോയോളം കഞ്ചാവും പിടികൂടി. പുതുവര്‍ഷം പ്രമാണിച്ച് മേഖലയില്‍ പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം.എ വ്യാപകമായി വിറ്റഴിച്ചതായി ഇയാള്‍ മൊഴി നല്‍കി. ബാംഗ്ലൂര്‍ കലാസിപാളയത്ത് നിന്നാണ് ഇയാള്‍ വിവിധ മയക്കുമരുന്നുകള്‍ ശേഖരിക്കുന്നത്. തുടര്‍ന്ന് കൊണ്ടോട്ടിയിലെ നിരവധി ചെറുകിട ഏജന്റുമാര്‍ മുഖേന ചെറുപൊതികളിലാക്കി വില്‍പന നടത്തുകയായിരുന്നു. ബൈക്കില്‍ കറങ്ങി നടന്ന് ഇങ്ങനെ വില്‍പ്പന നടത്തുന്ന നിരവധി ഡെലിവറി ബോയ്‌സ് ഇയാള്‍ക്ക് സഹായികളായി ഉള്ളതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

കൊണ്ടോട്ടി ടൗണില്‍ ഇവര്‍ പറയുന്നയിടങ്ങളില്‍ ആവശ്യക്കാരില്‍ നിന്ന് മുന്‍കൂറായി പണം വാങ്ങി നിര്‍ത്തിയശേഷം പരിസരം നിരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം മറ്റൊരാള്‍ മറ്റൊരു വാഹനത്തില്‍ വന്ന് പെട്ടെന്ന് സാധനം ‘ഡെലിവറി’ ചെയ്തു പോകുന്ന രീതിയാണ് ഇവരുടേത്. ഇയാളുടെ സംഘാംഗങ്ങളെ ഉടന്‍ പിടികൂടുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

എന്‍.ഡി.പി.എസ് നിയമപ്രകാരം അര ഗ്രാമില്‍ കൂടുതല്‍ എം.ഡി.എം.എ കൈവശം വെക്കുന്നത് പിടിക്കപ്പെട്ടാല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്നതും, 10 ഗ്രാമിന് മുകളില്‍ കൈവശം വെക്കുന്നത് 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ് എന്നിരിക്കെയാണ് പല യുവാക്കളും ഈ ലഹരിവസ്തുവിന്റെ നിയമപരവും ആരോഗ്യകരവുമായ ഭവിഷ്യത്തുകളും അവഗണിച്ച് ഗ്രാമിന് 4000 രൂപ വരെ ഒറ്റ ഉപയോഗത്തിന് വേണ്ടി ഇത്തരം വില്‍പ്പനക്കാരില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്നത്. ബാംഗ്ലൂരിലും ഗോവയിലും മറ്റും താമസിക്കുന്ന ആഫ്രിക്കന്‍ സ്വദേശികളാണ് ഇത്തരം മാരകമായ മരുന്നുകള്‍ സ്വന്തമായി നിര്‍മ്മിച്ച് മലയാളികളായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഏജന്റുമാരിലൂടെ കേരളത്തിലേക്ക് എത്തിച്ച് വിറ്റഴിക്കുന്നത്.

അഞ്ച് ഗ്രാമില്‍ കൂടുതല്‍ ബ്രൗണ്‍ഷുഗര്‍ കൈവശം വെക്കുന്നത് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് എന്നിരിക്കെയാണ് 50 ഗ്രാമിലധികം ബ്രൗണ്‍ ഷുഗറുമായി ഷെഫീഖ് എക്‌സൈസിന്റെ വലയിലായത്. ബ്രൗണ്‍ഷുഗര്‍ വിറ്റഴിക്കുന്നതിന് പ്രത്യേകം ഏജന്റുമാര്‍ വേറെയുണ്ട്. കൊണ്ടോട്ടി ടൗണിലും പരിസരത്തുമായി ഇറങ്ങി നടന്നു ഇവര്‍ ആവശ്യക്കാര്‍ക്ക് 1000 രൂപ നിരക്കില്‍ ബ്രൗണ്‍ഷുഗറിന്റെ ചെറു പൊതികള്‍ വില്പന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കഞ്ചാവിന് ആവശ്യക്കാര്‍ക്ക് അതും എത്തിച്ചു നല്‍കും. അതിന് വേറെ ഏജന്റുമാര്‍ ഉണ്ട്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ. ജിനീഷ്, , എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഓഫീസര്‍ ടി. ഷിജുമോന്‍ എന്നിവരോടൊപ്പം പ്രിവന്റീവ് ഓഫീസര്‍മാരായ ഹംസ. പി.ഇ, മധുസൂദനന്‍ പി, എം വിജയന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജന്‍ നെല്ലിയായി, പ്രദീപ് കെ, ഉമ്മര്‍കുട്ടി, സാജിദ് കെ.പി, നുഷൈര്‍. ഇ, ടി. ശ്രീജിത്ത്, രജിലാല്‍ പി.കെ., ഷബീര്‍ അലി, അഹമ്മദ് റിഷാദ്, സജിത. പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ മഞ്ചേരിയിലെ പ്രത്യേക നാര്‍ക്കോട്ടിക് കോടതി മുമ്പാകെ ഹാജരാക്കും. കഴിഞ്ഞദിവസം അരീക്കോട് മൈത്ര പാലത്തില്‍ നിന്ന് എം.ഡി.എം.എ- യുമായി കാവനൂര്‍ സ്വദേശി ആദില്‍ റഹ്മാന്‍ പിടികൂടിയതിനെ തുടര്‍ന്ന് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണമാണ് കൊണ്ടോട്ടി കേന്ദ്രീകരിച്ചുള്ള വന്‍മയക്കുമരുന്ന് മാഫിയയിലേക്ക് നീളുന്നത്. ഈ മാഫിയയിലെ മറ്റു പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.ജിനീഷ് അറിയിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!