മതസംഘടനകളുടെ ഭീഷണിയെത്തുടർന്ന് ‘കിത്താബ്’ പിൻവലിച്ചു 

വടകര;  കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന യുവജനോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  കിത്താബ് എന്ന നാടകം പിൻവലിച്ചു. ഈ നാടകം വടകരയില്‍ അവതരിപ്പിച്ച മേമുണ്ട ഹയര്‍സെക്കണ്ടറി സ്്കൂള്‍ അധികൃതരാണ് ഈ തീരുമാനമെടുത്തത്.
മുസ്ലിം മതസംഘടനകളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന്  ഈ നാടകം ഇനി സംസ്ഥാനതലത്തില്‍ കളിക്കേണ്ടെന്ന്
സ്കൂളിൽ ചേർന്ന  മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും യോഗം  തീരുമാനിക്കുകയായിരുന്നു.

പ്രശസ്ത നാടകകൃത്ത് റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിര്‍വ്വഹിച്ച കിത്താബ് എന്ന നാടകത്തില്‍ ഇസ്ലാമതത്തെ മോശമായി അവതരിപ്പിക്കാന്‍ നാടകം ശ്രമിച്ചു എന്നതായിരുന്നു വിമര്‍ശം. നാടകം കളിക്കുന്നതിനെതിരെ നിരവധി മുസ്ലീം സംഘനടകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. യാതൊരു കാരണവശാലും നാടകം കളിക്കാന്‍ അനുവദിക്കില്ലെന്ന് ഈ സംഘടനകള്‍ പറഞ്ഞു.

 

ഇതിനിടെ കഥാകൃത്ത് ഉണ്ണി ആറും നാടകകൃത്തിനെതിരെ രംഗത്തെത്തി. ഇദ്ദേഹത്തിന്റെ വാങ്ക് എന്ന ചെറുകഥയുടെ സ്വതന്ത്ര ആവിഷ്‌ക്കാരമാണ് ഈ നാടകമെന്ന് അവതരണവേളയില്‍ അനൗണ്‍സ് ചെയ്തിരുന്നു. തന്നോട് അനുമതി വാങ്ങാതെയാണ് റഫീഖ് സ്വതന്ത്രാവിഷ്‌ക്കാരം നടത്തിയതെന്നായിരുന്നു ഉണ്ണി ആറിന്റെ വാദം. ഉണ്ണി ആര്‍ നാടകത്തെയും വിമര്‍ശിച്ചിരുന്നു.

 

ഇതിനിടെ റഫീഖിനെതിരെ സോഷ്യല്‍മീഡിയയിലൂടെയും, ഫോണിലൂടെയും ചിലര്‍ ഭീഷണിപ്പെടുത്തുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. പെണ്‍കുട്ടി വാങ്കുകൊടുക്കുന്ന രംഗം അവതരിപ്പിച്ചതാണ് മതയാഥാസ്ഥികരെ ഏറെ പ്രകോപിപ്പിച്ചത്.

സ്‌കൂള്‍ അധികൃതര്‍ പ്രതിഷേധമുയര്‍ത്തിയ സംഘടനകളോടും, വ്യക്തികളോടും നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അവര്‍ നാടകം പിന്‍വലിക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സ്‌കൂള്‍ ഇത്തരത്തിലുള്ള തീരുമാനമെടുത്തതെന്ന് വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.

വടകര ടൗണ്‍ഹാളില്‍ ഹര്‍ഷാരവത്തോടെയാണ് നാടകപ്രേമികള്‍ ഈ നാടകത്തെ സ്വീകരിച്ചത്. മികച്ചനടിക്കുള്ള പുരസ്‌കാരവും ഈ നാടകത്തില്‍ ഉമ്മയായി അഭിനയിച്ച റിയ പര്‍വീണ എന്നവിദ്യാര്‍ത്ഥിനിക്കാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മേമുണ്ട സ്‌കൂളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകങ്ങള്‍ക്കുതന്നെയായിരുന്നു ജില്ലയില്‍ ഒന്നാംസ്ഥാനും. കേരളീയ ജാതിവ്യവസ്ഥയെ കടുത്തരീതിയില്‍ വിമര്‍ശച്ച കൊട്ടേം കരീം സംസ്ഥാനതലത്തിലും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയുടെ സ്വതന്ത്രാവിഷ്‌ക്കാരമായ അന്നപെരുമയായിരുന്നു മറ്റൊരു നാടകം. ഈ നാടകങ്ങള്‍ സംവിധാനം ചെയ്തതും റഫീഖ് മംഗലശ്ശേരിയായിരുന്നു.

മതസംഘടനകളുടെ ഭീഷണിക്കുമുമ്പില്‍ വഴങ്ങി ഒരു സ്‌കൂള്‍ നാടകം പിന്‍വലിക്കേണ്ടി വന്നത് സാസ്‌കാരികകേരളത്തില്‍ വരുംദിവസങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടും.

Related Articles