കൈറ്റിന്റെ സ്വന്തം എ.ഐ. എഞ്ചിൻ ഈ വർഷം: മന്ത്രി വി. ശിവൻകുട്ടി

HIGHLIGHTS : Kite's own AI engine this year: Minister V. Sivankutty

കൈറ്റിന്റെ നേതൃത്വത്തിൽ അക്കാദമിക് ചട്ടക്കൂടിനകത്ത് പക്ഷപാതിത്വമില്ലാതെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുന്നതിനായി സ്വതന്ത്രമായ എ.ഐ എഞ്ചിൻ ഈ വർഷം തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളിലെ ‘ലിറ്റിൽ കൈറ്റ്‌സ്’ അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നിർമിതബുദ്ധിയുടെ സ്വാധീനം വ്യാപകമാകുന്നതോടൊപ്പം തന്നെ അവയുടെ ഉപയോഗം 80000 അധ്യാപകരെ പരിശീലിപ്പിക്കുന്നതിന്റേയും എ.ഐ.യുടെ അടിസ്ഥാനാശയങ്ങൾ ഐ.സി.ടി. പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിന്റേയും തുടർച്ചയായാണ് എ.ഐ എഞ്ചിൻ തയ്യാറാക്കുന്നത്. ഒറ്റപ്പെട്ട വിജയകഥകൾക്ക് പകരം മുഴുവൻ സ്‌കൂൾ കുട്ടികൾക്കും റോബോട്ടിക് പഠനം സാധ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ മുഴുവൻ വിദ്യാർഥികൾക്കും റോബോട്ടിക് പഠനസൗകര്യമൊരുക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. സാങ്കേതിക മാറ്റം ആദ്യം ഉൾക്കൊള്ളുന്നത് വിദ്യാർഥികളാണ്. വിദ്യാർഥികളുടെയും അധ്യാപകരുടെയും വികാസത്തിനായാണ് ഐ.സി.ടി. ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. നിർമിത ബുദ്ധിയുടെ അടിസ്ഥാന ഐ.സി.ടി നയങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി മാറ്റം സൃഷ്ടിച്ച സംസ്ഥാനമാണ് നമ്മുടേത്. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതോപയോഗത്തിനും വ്യാജ വാർത്തകളുടെ പ്രചാരണത്തിനും എതിരായ പ്രവർത്തനങ്ങൾക്ക് മുന്തിയ പരിഗണന നൽകുകയും അത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുകയും പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ചടങ്ങിൽ കൈറ്റിന്റ നേതൃത്വത്തിൽ സംസ്ഥാനത്തെ ഹൈസ്‌ക്കൂളുകളിൽ 29000 റോബോട്ടിക് കിറ്റുകൾ വിന്യസിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായി. കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് സ്വാഗതവും ഐസിഫോസ് ഡയറക്ടർ ടി.ടി. സുനിൽ നന്ദിയും പറഞ്ഞു.

14 ജില്ലകളിൽ നിന്നുമുള്ള കുട്ടികൾ തയ്യാറാക്കിയ റോബോട്ടിക് ഉല്പന്നങ്ങളുടെ പ്രദർശനവും ഇതോടൊപ്പം നടക്കും. 123 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് ഫെബ്രുവരി 9ന് സമാപിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!