കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മൂന്നുലക്ഷത്തിലധികം വരുന്ന കമ്പ്യൂട്ടറുകളിലും ഉപയോഗിക്കാനായി കൈറ്റ് ഗ്നു ലിനക്സ് 22.04 എന്ന പുതുക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ട് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തയ്യാറാക്കി. ആഗസ്റ്റ് 23 ന് രാവിലെ 10.30 ന് എറണാകുളം കൈറ്റ് കേന്ദ്രത്തില്‍ നടക്കുന്ന ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രകാശനം നിര്‍വഹിക്കും.
സ്‌കൂളുകളിലെ ഐ.സി.ടി. പഠനത്തിനു മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും, വീടുകളില്‍ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും, സര്‍ക്കാര്‍ ഓഫീസുകള്‍, ഡി.ടി.പി സെന്ററുകള്‍, പത്രസ്ഥാപനങ്ങള്‍, സോഫ്റ്റ്വെയര്‍ നിര്‍മാതാക്കള്‍, എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കും സമ്പൂര്‍ണ കമ്പ്യൂട്ടിങ് പ്ലാറ്റ്ഫോമായി ഈ ഒ.എസ് സ്യൂട്ട് സൗജന്യമായി ഉപയോഗിക്കാനാകും. സ്‌കൂള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന എക്സ് ഓര്‍ഗ് ജാലക സംവിധാനത്തില്‍ നിന്ന് വിഭിന്നമായി വേലാന്റ് സംവിധാനം സജ്ജീകരിച്ചാണ് പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
പ്രമുഖ സ്വതന്ത്ര ജനകീയ ഓപറേറ്റിങ് സിസ്റ്റമായ ഉബുണ്ടു അടിസ്ഥാനമാക്കി കസ്റ്റമൈസ് ചെയ്ത ഈ വിദ്യാഭ്യാസ ഓ.എസ്. സ്യൂട്ടില്‍ പാഠപുസ്തകങ്ങളില്‍ അവതരിപ്പിക്കുന്ന ജി-കോമ്പ്രിസ്, ടക്സ്പെയിന്റ്, പിക്റ്റോബ്ലോക്സ്, ട്രാഫിക് ഗെയിം, വേസ്റ്റ് ചാലഞ്ച്, ഒമ്നി ടക്സ്, എജുആക്ടിവേറ്റ്, ഫെറ്റ്, ജിയോജിബ്ര, ലിബര്‍ഓഫീസ് പാക്കേജ്, കളര്‍പെയിന്റ്, സ്‌ക്രാച്ച്, ക്രിറ്റ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. നിര്‍മിതബുദ്ധി ഈ വര്‍ഷം മുതല്‍ ഏഴാം ക്ലാസിലെ ഐ.സി.ടി. പാഠപുസ്തകത്തിന്റെ ഭാഗമായ പശ്ചാത്തലത്തില്‍ നിര്‍മിതബുദ്ധി, മെഷീന്‍ ലേണിങ്, കമ്പ്യൂട്ടര്‍ വിഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രാഥമിക ധാരണകള്‍ നേടാനുള്ള ടൂളുകളും ഇതിലുണ്ട്.
മലയാളം കമ്പ്യൂട്ടിങ് സാധ്യമാക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങള്‍ക്കു പുറമെ ഇ-ബുക്ക് റീഡര്‍, ഡെസ്‌ക്ടോപ് പബ്ലിഷിങ് സോഫ്റ്റ്വെയര്‍, ലാടെക് എഡിറ്റര്‍, ഗ്രാഫിക്സ് -ഇമേജ് എഡിറ്റിങ് സോഫ്റ്റ്വെയറുകള്‍, സൗണ്ട് റിക്കോര്‍ഡിങ്-വീഡിയോ എഡിറ്റിങ്-ത്രിഡി അനിമേഷന്‍ പാക്കേജുകള്‍, സ്‌ക്രീന്‍ റിക്കോര്‍ഡിങ്-ബ്രോഡ് കാസ്റ്റര്‍ ടൂളുകള്‍, പ്രോഗ്രാമിങ്ങിനുള്ള ഐ.ഡി.ഇ.കള്‍, ഡാറ്റാബേസ് സര്‍വറുകള്‍, ഡാറ്റാബേസ് അപ്ലിക്കേഷനുകള്‍, മൊബൈല്‍ ആപ്പുകളുടെ ഡെസ്‌ക്ടോപ് വേര്‍ഷനുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കുള്ള കോഴ്സുകള്‍ക്കും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ എന്‍.എസ്.ക്യൂ.എഫ് ജോബ് റോളുകള്‍ക്കുള്ള സോഫ്റ്റ്വെയറുകള്‍ക്കും ഉപയോഗിച്ചിരുന്ന ലൈസന്‍സ് അധിഷ്ഠിത സോഫ്റ്റ്വെയറുകള്‍ക്ക് പകരം പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ പ്രയോജനപ്പെടുത്തിയുള്ള ലാപ്ടോപുകള്‍ സ്‌കൂളുകളില്‍ കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. ഇതുമൂലം രണ്ട് ലക്ഷം കമ്പ്യൂട്ടറുകളില്‍ നിന്നായി 3000 കോടി രൂപ ലാഭിക്കാനായത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്‌കൂളുകളിലെ കമ്പ്യൂട്ടറുകള്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പരിശീലനം എല്ലാ സ്‌കൂള്‍ ഐ.ടി. കോര്‍ഡിനേറ്റര്‍മാര്‍ക്കും നല്‍കുന്നമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. കൈറ്റ് വെബ്സൈറ്റിലെ (kite.kerala.gov.in) ഡൗണ്‍ലോഡ്‌സ് ലിങ്കില്‍ നിന്നും ആഗസ്റ്റ് 23 മുതല്‍ ഒ.എസ് സ്യൂട്ട് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.




