കേരള ഗ്രാമീണ്‍ ബാങ്കിന്റെ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ലഭിക്കും. ഗ്രാമീണ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര ധനകാര്യ വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയുടെ ഭാഗമായാണ് അക്ഷയ കേന്ദ്രങ്ങളില്‍ ബാങ്കിങ് കിയോസ്‌ക്കുകള്‍ ആരംഭിക്കുന്നത്. ഗ്രാമീണ്‍ ബാങ്കിന്റെ 75 കിയോസ്‌ക്ക് കേന്ദ്രങ്ങളാണ് അക്ഷയയിലൂടെ നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി അക്ഷയ സംരംഭകര്‍ക്ക് നല്‍കിയ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമീണ്‍ ബാങ്ക് ജനറല്‍ മാനേജര്‍ വി. ഹരിദാസന്‍, ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലം, അക്ഷയ ജില്ലാ സെക്രട്ടറി കെ.പി. മുഹമ്മദ് ബഷീര്‍, ലീഡ് ബാങ്ക് മാനേജര്‍ അബ്ദുള്‍ ജബ്ബാര്‍, ജോസഫ് സിറിയക്, എ.വി അനീസ് മുഹമ്മദ്, നിയാസ് പുല്‍പ്പാടന്‍ എന്നിവര്‍ പങ്കെടുത്തു.
പുതിയ അക്കൗണ്ട് തുറക്കുന്നതിനും പണം നിക്ഷേപിക്കുന്നതിനും പണം പിന്‍വലിക്കുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുമുള്ള സൗകര്യം അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭിക്കും. ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തവര്‍ക്ക് അക്ഷയ കേന്ദ്രത്തിലൂടെ പണം കൈമാറ്റം ചെയ്യാം. പണം അടയ്ക്കുമ്പോഴും പിന്‍വലിക്കുമ്പോഴും എസ്.എം.എസ് വഴി വിവരങ്ങള്‍ അക്കൗണ്ട് ഉടമയുടെ മൊബൈല്‍ ഫോണിലെത്തും.




