കേരളം 2030ല്‍ ജൈവവൈവിധ്യ സൗഹൃദ സംസ്ഥാനമാകും: മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : Kerala will become a biodiversity-friendly state by 2030: Chief Minister Pinarayi Vijayan

careertech

ഇന്ത്യയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ സൗഹൃദ സംസ്ഥാനമായി 2030 ല്‍ കേരളത്തെ മാറ്റുന്നതിനുള്ള ജനകീയ പദ്ധതികള്‍ സര്‍ക്കാര്‍ നടപിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2022 ലെ ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്റെ 1.18 ശതമാനം മാത്രം വരുന്ന സംസ്ഥാനമാണ് കേരളം. ഏന്നാല്‍ രാജ്യത്തിന്റെ ജൈവസമ്പത്തിന്റെ 25 ശതമാനവും ഇവിടെയാണ്. ചില ജീവിവര്‍ഗങ്ങളുടെ കാര്യമെടുത്താല്‍ അവയുടെ 80 ശതമാനത്തോളം കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതി / ജൈവവൈവിധ്യ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള വികസന കാഴ്ചപ്പാടാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. ഈ ഭൂമി നമുക്ക് മാത്രമുള്ളതല്ല വരും തലമുറകള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന ചിന്ത എപ്പോഴും ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

ജൈവവിഭവങ്ങളുടെ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് അവയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകളുടെ സംരക്ഷണവും. തലമുറകളായി കൈമാറിവരുന്ന നമ്മുടെ പരമ്പരാഗത അറിവുകള്‍ ജൈവവൈവിധ്യ നിയമപ്രകാരം സംരക്ഷിക്കുന്നതിനായി ഡിജിറ്റല്‍ ലൈബ്രറി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പ്രാദേശിക ജൈവവൈവിധ്യ കര്‍മ്മപദ്ധതിയില്‍ ഹ്രസ്വ, ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് ഗൗരവമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ ഭൂമിയില്‍ ജീവജാലങ്ങളുടെ നിലനില്‍പ്പ് വളരെയഥികം വെല്ലുവിളികള്‍ നേരിടുന്ന കാലമാണ്. ആഗോളതാപനത്തെയും കാലാവസ്ഥ വ്യതിയാനത്തെയും അനന്തരഫലങ്ങള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ലോകം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളവും ഇതില്‍നിന്ന് മുക്തമല്ല. അതിതീവ്രമഴ, പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ മനുഷ്യന്റെ ജീവനും സ്വത്തിനും കനത്ത നാശം ഉണ്ടാക്കുന്നതോടൊപ്പം ആവാസവ്യവസ്ഥയേയും തകര്‍ക്കുന്നു. പ്രകൃതി സംരക്ഷണം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഈ അനുഭവങ്ങള്‍ കാട്ടിത്തരുന്നു എന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

മികച്ച ജൈവവൈവിധ്യ പരിപാലന സമിതിക്കുള്ള അവാര്‍ഡ് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ബി.എം.സി.യും രണ്ടാം സ്ഥാനം കടലുണ്ടി ഗ്രാമപഞ്ചായത്ത് ബി.എം.സി.യും കരസ്ഥമാക്കി. കുട്ടികളുടെ സംസ്ഥാനതല ജൈവവൈവിധ്യ കോണ്‍ഗ്രസിലെ വിജയികള്‍ക്കും യൂത്ത് ഐഡിയേഷന്‍ ചലഞ്ച് വിജയികള്‍ക്കും മുഖ്യമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജൈവവൈവിധ്യ സംരക്ഷണത്തിന് വിവിധതലങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, പ്രമോദ് ജി. കൃഷ്ണന്‍, ഡോ. സാബു എ, ഡോ. എന്‍.അനില്‍കുമാര്‍, ഡോ. വി.ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!