Section

malabari-logo-mobile

കേരളത്തെ ഇന്ത്യയുടെ ഫുട്ബോള്‍ ഹബ്ബാക്കും: മന്ത്രി വി. അബ്ദു റഹിമാന്‍

HIGHLIGHTS : Kerala will be India's football hub: Minister V. Abdur Rahman

കേരളത്തെ ഇന്ത്യയുടെ ഫുട്ബോള്‍ ഹബ്ബാക്കി മാറ്റുകയാണു ലക്ഷ്യമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. സംസ്ഥാനത്തെ അഞ്ചുലക്ഷം കുട്ടികള്‍ക്കു ഫുട്ബോള്‍ പരിശീലനം നല്‍കുന്ന ഗോള്‍ പദ്ധതിക്കു മുന്നോടിയായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അടുത്ത അഞ്ചു വര്‍ഷം അഞ്ചുലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുകയാണ് ഗോള്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. ചെറിയ പ്രായത്തില്‍ത്തന്നെ കുട്ടികള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കും. ഓരോ പഞ്ചായത്തും കേന്ദ്രീകരിച്ചാകും പരിശീലനം. ഇതില്‍ മികവ് കാണിക്കുന്ന കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. നിലവില്‍ കിക്കോഫ് എന്ന പേരില്‍ പരിശീലന പരിപാടി കായികവകുപ്പിന് കീഴില്‍ നടക്കുന്നുണ്ട്. ആ പദ്ധതിയെ ഗോള്‍ പദ്ധതി യില്‍ ലയിപ്പിച്ച് വിപുലമാക്കും.

sameeksha-malabarinews

സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാകും പദ്ധതി നടപ്പാക്കുക. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ പദ്ധതിയില്‍ പരിഗണന നല്‍കും. 5 വയസുമുതല്‍ തന്നെ പരിശീലനം നല്‍കും. ആവശ്യമായ ഉപകരണങ്ങളും ജഴ്സിയും സൗജന്യമായി നല്‍കും. ഓരോ പ്രായത്തിലുമുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ ശാസ്ത്രീയമായ സിലബസ് ഉണ്ടാകും. കുട്ടികളുടെ ശാരീരിക പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് അതിന് അനുസരിച്ചാകും പരിശീലനം.

ഗോള്‍ പദ്ധതിയില്‍ പരിശീലനം നല്‍കുന്നതിന് മികച്ച പരിശീലകരെ സൃഷ്ടിക്കുന്നതിനും പദ്ധതിയില്‍ പ്രത്യേക പരിഗണനയുണ്ടെന്നു മന്ത്രി പറഞ്ഞു. ഫിഫയുടെയും, ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെയും സഹകരണത്തോടെയാണ് പരിശീലകര്‍ക്ക് പരിശീലനം നല്‍കുക. ഓരോ പഞ്ചായത്തിലും പരിശീലകരെ കണ്ടെത്തി ആവശ്യമായ പരിശീലനം നല്‍കും. കോച്ചിങ് ലൈസന്‍സ് നേടാനുള്ള പ്രത്യേക ക്യാമ്പുകളും ഓള്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ സഹകരണത്തോടെ നടപ്പാക്കും.

മുന്‍കാല താരങ്ങളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. അതിന്റെ ഭാഗമായി 14 ജില്ലയിലും ഐക്കണ്‍ പ്ലെയേഴ്സിനെ തെരഞ്ഞെടുത്തു. ഓരോ ജില്ലയിലും കൂടുതല്‍ മുന്‍കാല താരങ്ങളെ പദ്ധതിയുടെ ഭാഗമാക്കും. പദ്ധതിക്കായി ജില്ലാതല ശില്‍പ്പശാലയും സംഘടിപ്പിക്കും.

ദേശീയ ടീമില്‍ 6-7 മലയാളികള്‍ കളിച്ച നാളുകള്‍ തിരിച്ചു കൊണ്ടുവരണമെന്നു മന്ത്രി പറഞ്ഞു. ഫുട്ബോളിനെ പൂര്‍ണ്ണമായും പ്രൊഫഷണലാക്കണം. ജോലിക്കായി കളിക്കുക എന്ന രീതി മാറി. കളി തന്നെ പ്രൊഫഷന്‍ ആയി മാറണം. കളിക്കുന്ന കാലം കഴിഞ്ഞാലും കളി യുടെ ഭാഗമായിതന്നെ ജീവിതമാര്‍ഗം കണ്ടെത്തണം. പരിശീലനം നേടുന്ന ഗോള്‍ പദ്ധതിയിലെ കുട്ടികള്‍ക്കായി വിവിധ പ്രായത്തിലുള്ള ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കും. ജില്ലാ തലത്തിലും ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കും. അവര്‍ക്ക് ദേശീയ തലത്തിലും മത്സരിക്കാന്‍ അവസരം ഒരുക്കും. ബേബി ലീഗ് ഉള്‍പ്പെടെ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ടര്‍ഫുകളും ഫുട്ബോള്‍ അക്കാദമികളും പദ്ധതിക്കായി പ്രയോജനപ്പെടുത്തും. തിരിച്ച് ഇത്തരം സ്വകാര്യ സംരംഭകര്‍ക്ക് എല്ലാ പിന്തുണയും നല്‍കും.
ഫിഫയും ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും പദ്ധതിയുമായി പൂര്‍ണ്ണമായി സഹകരിക്കാന്‍ തയാറായിട്ടുണ്ട്. ഫെഡറേഷനുമായി ദീര്‍ഘകാല കരാര്‍ ഉടന്‍ ഒപ്പിടും. കേരള ഫുട്ബോളിന്റെ വികസനത്തിന് നാഴിക കല്ലാകും പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

ചൈത്രം ഹോട്ടലില്‍ നടന്ന ശില്‍പ്പശാലയില്‍ യു. ഷറഫലി, വി.പി. ഷാജി, അബ്ദുള്‍ ഹക്കീം, എന്‍. പി പ്രദീപ്, എം. സുരേഷ്, പി.എസ്. അഷീം, കെ.റ്റി. ചാക്കോ, പി.പി. തോബിയാസ്, ബിനീഷ് കെ, സുശാന്ത് മാത്യു, കെ. അജയന്‍, ജീന്‍ ക്രിസ്റ്റ്യന്‍, മേഴ്സി കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!