HIGHLIGHTS : Kerala will be a model for national coastal development: NCCR - KSCADC reach agreement
ദേശീയ തലത്തില്‍ തീരദേശ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (NCCR)-ഉം കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനും (KSCADC) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇത് ദേശീയ തലത്തില്‍ തീരസംരക്ഷണത്തിലും വികസനത്തിലും കേരളം മാതൃകയാകുന്നതിന് വഴിയൊരുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.സംസ്ഥാനത്തും ദേശീയ തലത്തിലും തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തീരദേശ പശ്ചാത്തല വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്നതിനാണ് ഈ ധാരണാപത്രം ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ NCCR-നുവേണ്ടി ഡീപ് ഓഷ്യന്‍ മിഷന്‍ & NCCR ഡയറക്ടര്‍ ഡോ. എം.വി. രമണ്‍ മൂര്‍ത്തിയും, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ KSCADC-ക്കുവേണ്ടി മാനേജിംഗ് ഡയറക്ടര്‍ പി.ഐ. ഷേയ്ക്ക് പരീതും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഗവേഷണപരമായ പ്രാവീണ്യവും, സാങ്കേതിക സഹായവും, വൈജ്ഞാനിക പിന്തുണയും നല്‍കുന്നതില്‍ ഒരു ദശാബ്ദത്തിലേറെയായി രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ് NCCR. കേരള തീരദേശ വികസനത്തെ നയിക്കുന്ന പ്രധാന സര്‍ക്കാര്‍ സ്ഥാപനമായി KSCADC പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഈ സഹകരണം ഏറെ നിര്‍ണ്ണായകമാണെന്ന് മന്ത്രി പറഞ്ഞു.ധാരണാപത്രത്തിന്റെ ഭാഗമായുള്ള പ്രധാന സാധ്യതകളില്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും തീരദേശ മാതൃകാ പദ്ധതികളുടെ ആവിഷ്‌കാരവും നടപ്പാക്കലും ഉള്‍പ്പെടുന്നു. തീരപരിപാലനത്തിനും, തീരസംരക്ഷണത്തിനും അനുയോജ്യമായ പഠനങ്ങള്‍, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡാറ്റാ ശേഖരണം, തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതി രൂപകല്‍പ്പന, മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള സാമൂഹിക സൗകര്യങ്ങളുടെ വികസനം എന്നിവയും ഇതില്‍പ്പെടുന്നു. വിവിധ ധനസ്രോതസ്സുകള്‍ ഉപയോഗിച്ച് പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ ആശയങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സംയുക്തമായി രൂപപ്പെടുത്തുകയും ചെയ്യും.ഈ സംയുക്ത സംവിധാനം അഖിലേന്ത്യാ തലത്തില്‍ ഉപയോഗപ്പെടുത്തുന്നതിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും ഉപകരിക്കും. തീരദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട്, ഈ സഹകരണം വഴി നൂതന പദ്ധതികള്‍ രൂപപ്പെടുത്താനും കേന്ദ്ര സഹായം ലഭ്യമാക്കാനും അവ ഫലപ്രദമായി നടപ്പിലാക്കാനുമുള്ള സാധ്യതകള്‍ കൈവരുമെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു