രണ്ടു ദിനങ്ങളിലായി എടപ്പാള്‍ ഗോള്‍ഡന്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സര അവാര്‍ഡ് സമര്‍പ്പണ പരിപാടിക്ക് തുടക്കമായി. ‘അലോഷി പാടുന്നു’ എന്ന പരിപാടിയോടെ അവാര്‍ഡ് സമര്‍പ്പണത്തിന് ആരംഭമായി. തുടര്‍ന്ന് നടന്ന സാംസ്‌കാരിക പരിപാടി ഡോ.കെ.ടി. ജലീല്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. അക്കാദമി നിര്‍വ്വാഹക സമിതി അംഗം ടി.ആര്‍.അജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ആമുഖഭാഷണം നടത്തി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്‍, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.പി. മോഹന്‍ദാസ്, അക്കാദമി ഭരണ സമിതി അംഗം പെരിങ്ങോട് ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. അക്കാദമി പ്രോഗ്രാം ഓഫീസര്‍ വി.കെ.അനില്‍കുമാര്‍ സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ.കെ.വിജയന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ നാടക പ്രവര്‍ത്തകരെ ആദരിച്ചു. എടപ്പാള്‍ നാടക അരങ്ങിന്റെ ബ്രോഷര്‍ പ്രകാശനവും ചടങ്ങില്‍ നടന്നു.തുടര്‍ന്ന് കൊച്ചിന്‍ ചന്ദ്രകാന്തയുടെ ‘നത്ത് മാത്തന്‍ ഒന്നാംസാക്ഷി’ എന്ന നാടകവും അരങ്ങേറി.
ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന 2022 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സര അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ മുഖ്യാതിഥിയാവും. എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുസമദ് സമദാനി, എം എല്‍.എ മാരായ പി.നന്ദകുമാര്‍, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.കെ.ടി.ജലീല്‍ എം.എല്‍.എ. ആമുഖ പ്രഭാഷണം നടത്തും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്‍, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സുബൈദ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കില്‍ മജീദ്, ജില്ലാപഞ്ചായത്ത് അംഗം അഡ്വ.പി.പി മോഹന്‍ദാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗതവും എടപ്പാള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രഭാകരന്‍ നന്ദിയും പറയും.
19 ഇനങ്ങളിലാണ് അക്കാദമി അവാര്‍ഡ് നല്‍കുന്നത്. മെയ് 29 മുതല്‍ ജൂണ്‍ രണ്ട് വരെ നടന്ന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മാറ്റുരച്ച പത്ത് നാടകങ്ങളില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹമായ നാടകങ്ങളെ തെരഞ്ഞെടുത്തത്.
ഇത്തവണ അഭിനയത്തിലെ മികവിന് രണ്ടുകുട്ടികള്‍ പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹരായിട്ടുണ്ട്. അവാര്‍ഡ് സമര്‍പ്പണ ചടങ്ങിനു ശേഷം വൈകീട്ട് 6.30 ന് വള്ളുവനാട് ബ്രഹ്‌മ അവതരിപ്പിക്കുന്ന രണ്ട് നക്ഷത്രങ്ങള്‍ എന്ന നാടകവും അരങ്ങേറും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




