Section

malabari-logo-mobile

കേരള നിയമസഭ മറ്റ് സഭകള്‍ക്ക് മാതൃക -മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : ഒട്ടേറെ സവിശേഷതകള്‍ കേരള നിയമസഭയ്ക്ക് അവകാശപ്പെടാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. 'കേരള നിയമസഭ- നടപടിക്രമങ്ങളും കീഴ്‌വഴക്ക...

ഒട്ടേറെ സവിശേഷതകള്‍ കേരള നിയമസഭയ്ക്ക് അവകാശപ്പെടാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ‘കേരള നിയമസഭ- നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും’ ഉള്‍പ്പെടെ ഏഴു ഗ്രന്ഥങ്ങളുടെ പ്രകാശനചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സബ്ജക്ട് കമ്മിറ്റികളുടെ രൂപീകരിക്കുന്നതിനും അവയുടെ പ്രവര്‍ത്തനത്തെ നിര്‍വചിക്കുന്നതിനുമുള്ള കേരള നിയമസഭയുടെ വ്യവസ്ഥകള്‍ മറ്റ് പല നിയമസഭകള്‍ക്കും പാര്‍ലമെന്റിനും മാതൃകയാണ്.
ഒരു ബില്ലും സബ്ജക്ട് കമ്മിറ്റി പരിഗണിക്കാതെ ഇവിടെ നിയമസഭയ്ക്ക് നേരിട്ട് പാസാക്കാനാകില്ല. അതേസമയം, പാര്‍ലമെന്റില്‍ ഒരു ബില്ല് അവതരിപ്പിച്ചാല്‍ ഉടന്‍ തന്നെ പാസാക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ കേരള നിയമസഭയുടെ നടപടിക്രമം കൂടുതല്‍ ജനാധിപത്യപരമാണ്.
ചട്ടങ്ങള്‍ക്കൊപ്പം കീഴ്‌വഴക്കങ്ങള്‍ക്കും കേരള നിയമസഭയില്‍ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്ന പുസ്തകം മറ്റ് നിയമസഭകള്‍ക്കും മാതൃകയാക്കാന്‍ കഴിയുന്നതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നിയമനിര്‍മാണപ്രക്രിയ യാന്ത്രികമാകരുതെന്ന് സ്പീക്കര്‍ പറഞ്ഞു. നിയമനിര്‍മാണത്തില്‍ സമൂഹത്തെ ഭാഗഭാക്കാക്കാന്‍ കഴിയുന്ന വൈവിധ്യങ്ങളായ പദ്ധതികള്‍ എങ്ങനെ ആസൂത്രണം ചെയ്യാമെന്നതാണ് ഓരോ സഭയുടേയും സര്‍ഗാത്മക വളര്‍ച്ചയെ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ സെക്രട്ടേറിയറ്റ് തയാറാക്കിയ ഏഴുപുസ്തകങ്ങള്‍ മുഖ്യമന്ത്രി, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, മന്ത്രി എ.കെ. ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പ്രകാശനം ചെയ്തു. പി.ഡി.റ്റി ആചാരി, മന്ത്രിമാരായ മാത്യൂ ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എസ്. സുനില്‍കുമാര്‍, എ.സി. മൊയ്തീന്‍ എന്നിവര്‍ ഏറ്റുവാങ്ങി.
തുടര്‍ന്ന് വജ്രജൂബിലി പ്രഭാഷണ പരമ്പരയില്‍ മൂന്നാമത് പ്രഭാഷണം ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ടി.റ്റി ആചാരി നിര്‍വഹിച്ചു. ‘കരുത്താര്‍ജിക്കുന്ന ഭരണ നിര്‍വഹണ സംവിധാനവും ദുര്‍ബലമാകുന്ന നിയമനിര്‍മാണ സഭകളും- ഭരണഘടനാക്രമം നേരിടുന്ന വെല്ലുവിളി’ എന്ന വിഷയത്തിലാണ് അദ്ദേഹം പ്രഭാഷണം നടത്തിയത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ ശ്‌ളാഘനീയമായ പ്രവര്‍ത്തനങ്ങളാണ് കേരള നിയമസഭയുടേതെന്ന് അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയും ലെജിസ്‌ലേച്ചറും എക്‌സിക്യൂട്ടീവുമുണ്ടെങ്കിലും ഭരണഘടനയ്ക്കാണ് ഇന്ത്യയില്‍ സുപ്രധാനസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
സാമാജികര്‍ക്ക് യോഗാ പരിശീലനം നല്‍കിയ യോഗാ അസോസിയേഷന്‍ ജോയന്റ് സെക്രട്ടറി ജെ.എസ്. ഗോപനെയും 77 മണിക്കൂര്‍ തുടര്‍ച്ചായി പ്രസംഗം നടത്തി ഗിന്നസ് റെക്കോഡ് നേടിയ ബിനു കണ്ണന്താനത്തെയും ചടങ്ങില്‍ ആദരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി സ്വാഗതവും നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് നന്ദിയും പറഞ്ഞു. നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന ചടങ്ങ് പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!