നഗരത്തില്‍ നിറങ്ങളുടെ നിലാവൊരുക്കും കേരളീയം ലൈറ്റ് ഷോ

നഗരം ഇന്നേവരെ കണ്ടിട്ടില്ലാത്ത വര്‍ണങ്ങളുടെ ആഘോഷവും അലങ്കാരവുമായി കേരളീയത്തിന്റെ ദീപാലങ്കരവിസ്മയം ഒരുങ്ങുന്നു. കിഴക്കേക്കോട്ട മുതല്‍ കവടിയാര്‍ വരെയുള്ള വഴികള്‍ മുഴുവന്‍ എട്ടുവ്യത്യസ്ത കളര്‍ തീമുകളില്‍ ഒരുക്കി നഗരസന്ധ്യകളെ വര്‍ണപ്രഭയില്‍ നിറച്ചായിരിക്കും കാഴ്ചാവിസ്മയം ഒരുക്കുക. മറ്റുവഴികള്‍ ഉള്‍പ്പെടെ എട്ടുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വൈദ്യുതദീപാലങ്കാരമൊരുക്കും. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ പ്രധാനആകര്‍ഷണീയതകളില്‍ ഒന്നാകും സാങ്കേതികതമികവും അലങ്കാരമികവും സമന്വയിക്കുന്ന വൈദ്യുതദീപക്കാഴ്ച.

എല്‍.ഇ.ഡി. ദീപങ്ങള്‍ കൊണ്ട് ആകര്‍ഷകമാക്കിയ 360 ഡിഗ്രി സെല്‍ഫി പോയിന്റുകള്‍ അടക്കമുള്ള നൂതനകാഴ്ചകളാണ് കേരളീയം സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം, മ്യൂസിയം കോമ്പൗണ്ട്, ടാഗോര്‍ തിയറ്റര്‍, സെക്രട്ടേറിയറ്റും അനക്സും, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാര്‍ക്ക്, നായനാര്‍ പാര്‍ക്ക് എന്നീ വേദികള്‍ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും. കനകക്കുന്നില്‍ കേരളീയത്തിന്റെ കൂറ്റന്‍ ലോഗോയായിരിക്കും പ്രധാന ആകര്‍ഷണം. പ്രകാശിതമായ കൂറ്റന്‍ ബലൂണുകളാല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ രാത്രിക്കാഴ്ച നവ്യാനുഭൂതിയാകും. ടാഗോര്‍ തിയറ്ററില്‍ മൂണ്‍ ലൈറ്റുകള്‍ നിലാനടത്തത്തിന് വഴിയൊരുക്കും.


കനകക്കുന്നില്‍ ലേസര്‍മാന്‍ ഷോയും ഡിജെയും കേരളീയം സന്ധ്യകളെ ഹരം കൊള്ളിക്കും. കുട്ടികള്‍ക്കായി മ്യൂസിയത്തില്‍ മൃഗങ്ങളുടെ രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങള്‍ തീര്‍ക്കും.
നഗരം ചുറ്റുന്ന രണ്ടു കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൈദ്യുതാലങ്കാരത്താല്‍ പൊതിയും. ശില്‍പങ്ങളും പ്രതിമകളും വോയ്സ് ഓവറോടുകൂടി അലങ്കരിക്കും. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍, പ്രധാന ജംഗഷ്നുകള്‍, പാലങ്ങള്‍ എന്നിവയും വ്യത്യസ്തനിറങ്ങളിലുള്ള ദീപങ്ങളാല്‍ അലങ്കരിക്കും.

യു.വി. സ്റ്റേജ് ലൈറ്റ് ഷോ, കൈനറ്റിക് എല്‍.ഇ.ഡി. ബോള്‍സ്, എല്‍.ഇ.ഡി. ലൈറ്റ് ഫൗണ്ടെയ്ന്‍ എന്നിങ്ങനെ ആകര്‍ഷകമായ പല വൈദ്യുതാലങ്കാരകാഴ്ചകളും ഒരാഴ്ചക്കാലം അനന്തപുരിയെ അലങ്കരിക്കും.

 

Share news
error: Content is protected !!
Scroll to Top