കേന്ദ്രത്തിന്റെ പ്രളയ സഹായ പ്രഖ്യാപനത്തില്‍ കേരളം ഇല്ല

ദില്ലി: കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന. മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരളം ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുക അനുവദിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വയനാട് ദുരന്തത്തില്‍ ഉള്‍പ്പെടെ കേന്ദ്ര സഹായം അനുവദിക്കുന്നതിനായി കേരളം വിശദമായ മെമ്മോറാണ്ടം നല്‍കിയിട്ടുണ്ടെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സംഘവും കേരളത്തിലെത്തിയിരുന്നു. കേരളം ഉള്‍പ്പെടുന്ന മറ്റു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം തുക അനുവദിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം വിശദീകരിക്കുന്നത്. രാജ്യത്തെ തന്നെ നടുക്കിയ വയനാട് ദുരന്തത്തില്‍ വിശദമായ നിവേദനം കേരളം സമര്‍പ്പിച്ചിരുന്നു.

വയനാടിനായി അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് കാട്ടിയുള്ള നിവേദനം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കാതെയാണ് കേരളത്തോട് അവഗണന കാട്ടിയിരിക്കുന്നത്.വയനാട് ദുരന്തം ഉണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം വൈകുന്നതിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ സഹായം കേന്ദ്രം പ്രഖ്യാപിച്ചത്.

പ്രളയ സഹായ ധനപ്രഖ്യാപനത്തില്‍ വിവേചനമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങി പ്രളയ സമാനമായ സാഹചര്യമുള്ള സംസ്ഥാനങ്ങളെ കേന്ദ്രം തഴഞ്ഞെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top