യുഡയസ് പ്ലസ് റിപ്പോര്‍ട്ടില്‍ തിളങ്ങി കേരളം;വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം രാജ്യത്തിന് മാതൃക: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോര്‍ട്ടില്‍ കേരളം മുന്‍പന്തിയിലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്രശിക്ഷാ സംവിധാനം ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടില്‍ 2024-25 അക്കാദമിക വര്‍ഷത്തില്‍ വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളില്‍ ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ഇതില്‍ അക്കാദമിക നിലവാരം, വിദ്യാര്‍ത്ഥികളുടെ പഠന തുടര്‍ച്ച, അടിസ്ഥാന സൗകര്യങ്ങള്‍, ലിംഗസമത്വം തുടങ്ങിയ മേഖലകളില്‍ ഒന്നാം സ്ഥാനത്താണ് സംസ്ഥാനം. മന്ത്രി അറിയിച്ചു.

കേരളത്തില്‍ നൂറ് കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശിക്കുമ്പോള്‍ 99.5 ശതമാനം പേര്‍ പത്താം ക്ലാസ്സിലെത്തുന്നു. തൊണ്ണൂറ് ശതമാനം കുട്ടികള്‍ ഹയര്‍ സെക്കണ്ടറിയുടെ ഭാഗമാകുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഒന്നാം ക്ലാസ്സില്‍ ചേരുന്ന കുട്ടികളുടെ 62.9 ശതമാനമാനം പേര്‍ മാത്രമേ പത്താം ക്ലാസില്‍ എത്തുന്നുള്ളൂ. ഇതില്‍ പന്ത്രണ്ടാം ക്ലാസ്സില്‍ എത്തുന്നവര്‍ 47.2 ശതമാനമാണ്.

തൊഴില്‍ വിദ്യാഭ്യാസ പഠനത്തിനായി പ്രയോജനപ്പെടുത്തുന്ന ഐ.റ്റി.ഐ. കള്‍, പോളിടെക്‌നിക്കുകള്‍, സ്‌കോള്‍ കേരള എന്നിവയില്‍ പ്രവേശിക്കുന്ന കുട്ടികളുടെ കണക്ക് യുഡയസ് ഡേറ്റയില്‍ വരുന്നില്ല. ഇത് കൂടി കണക്കാക്കിയാല്‍ ഒന്നാം ക്ലാസ്സില്‍ ചേരുന്ന ഏതാണ്ട് എല്ലാവര്‍ക്കും പന്ത്രണ്ടാം ക്ലാസ്സ് വരെ സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കേരളത്തിന് കഴിഞ്ഞു എന്നത് മലയാളികള്‍ക്കാകെ അഭിമാനിക്കാന്‍ കഴിയുന്ന വസ്തുതയാണ്. ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും കേരളം ബഹുദൂരം മുന്നിലാണ്.

അക്കാദമിക കാര്യങ്ങളില്‍ കമ്പ്യൂട്ടര്‍ ലഭ്യമായ സ്‌കൂളുകള്‍ ഇന്ത്യയില്‍ 57.9 ശതമാനമാണ്. അതില്‍ സര്‍ക്കാര്‍ മേഖലയില്‍ 52.7 ശതമാനം വിദ്യാലയങ്ങളില്‍ മാത്രമേ ഇത്തരം ആധുനിക സൗകര്യങ്ങള്‍ ഉള്ളൂ. എന്നാല്‍ കേരളത്തില്‍ 99.1 ശതമാനം സ്‌കൂളുകളിലും ഈ സൗകര്യം ഉണ്ട്. പൊതുവിദ്യാലയങ്ങളില്‍ 99.3 ശതമാനം സ്‌കൂളിലും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കി. ഇവിടെ 91.7 ശതമാനം സ്‌കൂളിലും തടസ്സമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുണ്ട്. ലിംഗസമത്വ സൂചികയായ ജെണ്ടര്‍ പാരിറ്റി ഇന്‍ഡെക്‌സ് സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ എല്ലാ തലങ്ങളിലും ഒന്നിന് മുകളിലാണ്. ഇത് കേരളത്തില്‍ പെണ്‍കുട്ടികളുടെ പഠന പങ്കാളിത്തം ആണ്‍കുട്ടികളുടേതിന് തുല്യമോ അതില്‍ കൂടുതലോ ആണെന്ന് കാണിക്കുന്നു. അധ്യാപകരുടെ ഗുണമേന്മയിലും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിലും സംസ്ഥാനം മുന്‍പന്തിയിലാണ്. ലൈബ്രറി, കളിസ്ഥലം, ടോയ്ലറ്റുകള്‍, വൈദ്യുതി, ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്നിവയിലും കേരളത്തിലെ സ്‌കൂളുകള്‍ ദേശീയതലത്തില്‍ മുന്‍നിരയില്‍ത്തന്നെ. പരിശീലനം ലഭിച്ച അധ്യാപകരുടെ ശതമാനം എല്ലാ തലങ്ങളിലും ദേശീയ ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്നതാണ്. പ്രീ-പ്രൈമറിയില്‍ 87.4 ശതമാനം, പ്രൈമറിയില്‍ 98.4 ശതമാനം, അപ്പര്‍ പ്രൈമറിയില്‍ 97.1 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. ഈ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് പിന്നില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമുണ്ടെന്നും കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം കൂടുതല്‍ ഉയര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Share news
error: Content is protected !!
Scroll to Top