മജ്ജ മാറ്റിവെക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം; കേരള ബോണ്‍മാരോ രജിസ്ട്രി യാഥാര്‍ത്ഥ്യത്തിലേക്ക്

HIGHLIGHTS : Kerala has made a historic breakthrough in the field of bone marrow transplant treatment

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കെ ഡിസ്‌കിന്റെ സഹകരണത്തോടെയാണ് പൈലറ്റ് പ്രോജക്ടായി ബോണ്‍മാരോ രജിസ്ട്രി തയ്യാറാക്കുന്നത്. രക്താര്‍ബുദം ബാധിച്ചവര്‍ക്ക് അനുയോജ്യമായ മൂലകോശം ലഭിക്കുന്നതിന് നിലവില്‍ വളരെയേറെ ബുദ്ധിമുട്ടുകളുണ്ട്. ഇത് പരിഹരിക്കാനായി ഇവരുടെ ഡേറ്റാബേസ് തയ്യാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയില്‍ നിലവില്‍ സര്‍ക്കാരിതര മേഖലയില്‍ 6 ബോണ്‍മാരോ രജിസ്ട്രികള്‍ മാത്രമാണുള്ളത്. മജ്ജ മാറ്റിവെക്കല്‍ ചികിത്സ ചെലവ് ഗണ്യമായി കുറയ്ക്കുക, യോജിച്ച മൂലകോശ ലഭ്യത കൂട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണ് രജിസ്ട്രി തയ്യാറാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നവകേരള കര്‍മ്മപദ്ധതി ആര്‍ദ്രം രണ്ടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് കാന്‍സര്‍ പ്രതിരോധവും ചികിത്സയും. അതിന്റെ ഭാഗമായാണ് കാന്‍സര്‍ രജിസ്ട്രിയും ബോണ്‍മാരോ രജിസ്ട്രിയും തയ്യാറാക്കുന്നത്. കേരള കാന്‍സര്‍ രജിസ്ട്രിയുമായി ഈ രജിസ്ട്രി സംയോജിപ്പിക്കുന്നതാണ്. ബോണ്‍മാരോ ദാതാക്കളുടേയും ആവശ്യക്കാരുടേയും വിവരം ശേഖരിച്ച് അര്‍ഹമായവര്‍ക്ക് ബോണ്‍മാരോ വേഗത്തില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. അഡ്വാന്‍സ്ഡ് ബ്ലഡ് കളക്ഷന്‍ സെന്ററുകളുമായി ബന്ധിപ്പിച്ചാണ് ബോണ്‍മാരോ രജിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍.

sameeksha-malabarinews

ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വേള്‍ഡ് മാരോ ഡോണര്‍ അസോസിയേഷന്‍ മാനദണ്ഡ പ്രകാരമായിരിക്കും ദാതാക്കളേയും സ്വീകര്‍ത്താക്കളേയും തെരഞ്ഞെടുക്കുക. വേള്‍ഡ് ബോണ്‍മാരോ ഡോണര്‍ അസോസിയേഷനുമായി രജിസ്ട്രി സംയോജിപ്പിക്കുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്ക് ലോകമെമ്പാടുമുള്ള സാധ്യമായ ദാതാക്കളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നു. രോഗിയുടേയും ദാതാവിന്റേയും മാച്ചിംഗിനായും ട്രാന്‍സ്പ്ലാന്റിന്റെ വിജയ സാധ്യതകളും ട്രാന്‍സ്പ്ലാന്റിന് ശേഷമുള്ള സങ്കീര്‍ണതകളും പ്രവചിക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും മെഷീന്‍ ലേണിംഗിന്റേയും സാധ്യകള്‍ ഉപയോഗിക്കും.

മലബാര്‍ കാന്‍സര്‍ സെന്ററില്‍ കുട്ടികളുള്‍പ്പെടെ 200 ഓളം മജ്ജ മാറ്റിവെക്കല്‍ ചികിത്സ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ക്ക് മജ്ജ മാറ്റിവെക്കല്‍ ചികിത്സ ലഭ്യമാക്കുവാന്‍ ദാതാക്കളെ കൂട്ടേണ്ടതുണ്ട്. അനുയോജ്യരായ ദാതാക്കളെ കണ്ടെത്തുന്നതിനായി വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ രക്തദാതാക്കളുടെ കൂട്ടായ്മകളുമായി യോജിച്ച് പ്രവര്‍ത്തിച്ചു കൊണ്ട് മലബാര്‍ കാന്‍സര്‍ സെന്റര്‍ നടത്തി വരുന്നുണ്ട്. ബോണ്‍മാരോ ഡോണര്‍ രജിസ്ട്രി യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് രക്താര്‍ബുദം ബാധിച്ച അനേകം പേര്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!