തിരുവനന്തപുരം: വിവിധ തലങ്ങളിലുള്ള സാമൂഹിക ശാക്തീകരണ പരിപാടികളിലൂടെയാണ് കേരളം ലോകത്തിന് മുന്നില്‍ മാതൃക തീര്‍ത്തതെന്ന് ആരോഗ്യ വനിത ശിശുക്ഷേമ മന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു. ജി 20 ഉച്ചകോടിയുടെ ഭാഗമായി കോവളത്ത് നടന്ന വനിതാ ശാക്തീകരണ സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
നവോത്ഥാന കാലം മുതല്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും മുന്നേറ്റത്തിനും കേരള സമൂഹം പിന്തുണ നല്‍കി.
ഇതിലധിഷ്ഠിതമായ ഒരു ജനാധിപത്യക്രമവും രൂപപ്പെട്ടു. 1957 ലെ ആദ്യ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമെന്ന നയം സ്ത്രീകളുടെ വിദ്യാഭ്യാസ രംഗത്തെ പ്രാതിനിധ്യത്തില്‍ പ്രധാന പങ്ക് വഹിച്ചു. ജനകീയ ആസൂത്രണ പദ്ധതിയിലൂടെ സാധ്യമായ അധികാര വികേന്ദ്രീകരണവും ജനപ്രതിനിധികള്‍ക്കായുള്ള
സ്ത്രീ സംവരണവും തുല്യതക്കായുള്ള മുന്നേറ്റത്തില്‍ വലിയ പങ്ക് വഹിച്ചു. കുടുബശ്രീ പ്രസ്ഥാനത്തിലൂടെ എല്ലാവിഭാഗം ജനങ്ങളെയും പ്രദേശിക അടിസ്ഥാനത്തില്‍ ഒന്നിപ്പിക്കുന്നതിനും തൊഴില്‍, സാമ്പത്തികരംഗത്തേക്ക് സ്ത്രീകളെ എത്തിക്കുന്നതിനും സാധിച്ചു. പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളായ പട്ടികജാതി, പട്ടിക വര്‍ഗ, മല്‍സ്യത്തൊഴിലാളി മേഖലകളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് തൊഴില്‍ സുരക്ഷിതത്വവും പൊതു ഗതാഗത സംവിധാനമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഗവണ്‍മെന്റ് ഒരുക്കുന്നു. പൊതു സ്ഥലങ്ങളും ഗവണ്‍മെന്റ് സ്ഥാപനങ്ങളും സ്ത്രീ സൗഹൃദമാകുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്തുകയാണ്. ഭരണഘടനപരമായ ലിംഗ നീതിയും തുല്യതയും ഉറപ്പു നല്‍കേണ്ട കാലത്താണ് നാം ജീവിക്കുന്നത്.
മനുഷ്യരാശിയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായി ഐക്യരാഷ്ട്രസഭ 17 ഘടകങ്ങള്‍ വിഭാവനം ചെയ്തിട്ടുണ്ട്. ജപ്പാന്‍ ഉച്ചകോടിക്ക് ശേഷം സ്ത്രീ പുരുഷ സമത്വത്തിലധിഷ്ഠിതമായ സാമൂഹിക ശാക്തീകരണ പ്രക്രിയ തുടര്‍ന്ന് വരികയാണ്.
ഉന്നതവിദ്യാസ മേഖലയിലും പ്രൊഫഷണല്‍ മേഖലയിലും ഉണ്ടായ സ്ത്രീ പ്രാതിനിധ്യത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. ജി 20 ലോകരാഷ്ടങ്ങള്‍ വനിതാ ശാക്തീകരണത്തിനായി നടത്തുന്ന പ്രത്യേക സെഷനുകള്‍ ഈ മേഖലയില്‍ മാതൃക തീര്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ സംഘടിപ്പിക്കുന്നതില്‍ നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
ഡോ. സംഗീത റെഡ്ഡി സ്വാഗതമാശംസിച്ച ചടങ്ങില്‍ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് ആശയം അവതരിപ്പിച്ചു. ഡോ. എ ഐ സഹദുള്ള ചര്‍ച്ചയുടെ ക്രോഡീകരണം നടത്തി.




