HIGHLIGHTS : Kerala Blasters beat Mumbai City FC; Victory by three goals

പ്രതിരോധനിര താരം സിപോവിച്ച് പരുക്കേറ്റ് പുറത്തിരിക്കുമ്പോഴും ലെസ്‌കോവിച്ചും ഇന്ത്യന്‍ താരങ്ങളും മുംബൈ മുന്നേറ്റ നിരയെ തടഞ്ഞുനിര്‍ത്തി. മുംബൈ പത്തുപേരുമായാണ് കളി അവസാനിപ്പിച്ചത്. അവരുടെ പ്രതിരോധതാരം മൗര്‍ടാഡ ഫാള്‍ രണ്ടാംപകുതിയുടെ തുടക്കത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് വഴങ്ങി പുറത്തായി. ആറ് കളിയില്‍ രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ അഞ്ചാമതെത്തി. മുംബൈ 15 പോയിന്റുമായി ഒന്നാമത് തുടര്‍ന്നു. തുടക്കത്തില്‍ മുംബൈ സിറ്റിയുടെ മുന്നേറ്റങ്ങളായിരുന്നു. അഹമ്മദ് ജഹുവും ബിപിന്‍ സിങ്ങും അപകടകരമായ നീക്കങ്ങള്‍ നടത്തി. എന്നാല്‍, അരമണിക്കൂര്‍ തികയുംമുമ്പ് കളിഗതിക്കെതിരായി ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. സഹലിന്റെ ഒന്നാംതരം ഗോള്‍. ജോര്‍ജ് ഡയസാണ് അവസരമൊരുക്കിയത്. മുംബൈക്ക് ആദ്യപകുതിയില്‍ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പായിക്കാന്‍പോലും കഴിഞ്ഞില്ല.
രണ്ടാംപകുതി തുടങ്ങി അഞ്ചു മിനിറ്റിനുള്ളില്‍ രണ്ട് ഗോളടിച്ചാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. വാസ്‌കസിന്റെ ഉശിരന്‍ ഗോളില്‍ തുടങ്ങി. വലതുപാര്‍ശ്വത്തില്‍ ജീക്സണ്‍ സിങ്ങിന്റെ ക്രോസ് ഏറ്റുവാങ്ങിയ സ്പാനിഷുകാരന്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ വല കീഴടക്കി. പിന്നാലെ മൂന്നാംഗോളും വന്നു. പന്തുമായി കുതിച്ച ജോര്‍ജ് ഡയസിനെ മൗര്‍ടാഡ ഫാള്‍ ബോക്സില്‍ വീഴ്ത്തി. ബ്ലാസ്റ്റേഴ്സിന് പെനല്‍റ്റി. ഫാളിന് ചുവപ്പു കാര്‍ഡ്. ഡയസിന്റെ കിക്ക് ലക്ഷ്യം കണ്ടു. ഇരുപത്തിരണ്ടിന് ചെന്നൈയിന്‍ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
