ആലപ്പുഴ: ജില്ലയിലെ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. മന്ത്രിമാരാ സജി ചെറിയാന്റെയും പി. പ്രസാദിന്റെയും നേതൃത്വത്തിലാണ് വൈകിട്ട് മൂന്നിന് യോഗം ചേരുക. ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടറാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷിമന്ത്രി പി പ്രസാദ് എന്നിവര്‍ പങ്കെടുക്കും. എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കാളികളാകും.
ശനിയാഴ്ച രാത്രി 8 മണിക്കാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ (38) വെട്ടേറ്റു മരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെ ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസ്(45) വീട്ടില്‍ അമ്മയുടെയും ഭാര്യയുടെയും മുന്നില്‍ വെട്ടേറ്റു മരിച്ചു.
ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. മണ്ണഞ്ചേരിയില്‍ പോലീസും ദ്രുതകര്‍മസേനയും ചേര്‍ന്ന് റൂട്ട് മാര്‍ച്ച് നടത്തി. എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തു. എറണാംകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്ത, ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ ആലപ്പുഴയില്‍ എത്തി.




