Section

malabari-logo-mobile

കേരളത്തെ അഞ്ച് അഗ്രോ ഇക്കോളജിക്കല്‍ സോണുകളായി തിരിച്ച് കൃഷി വകുപ്പ് പദ്ധതി ആവിഷ്‌കരിക്കും: കൃഷിമന്ത്രി

HIGHLIGHTS : തിരുവനന്തപുരം: മണ്ണിന്റെ സ്വഭാവവും മറ്റും അടിസ്ഥാനമാക്കി കേരളത്തെ അഞ്ച് അഗ്രോ ഇക്കോളജിക്കല്‍ സോണുകളായി തിരിച്ച് കൃഷിവകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്...

തിരുവനന്തപുരം: മണ്ണിന്റെ സ്വഭാവവും മറ്റും അടിസ്ഥാനമാക്കി കേരളത്തെ അഞ്ച് അഗ്രോ ഇക്കോളജിക്കല്‍ സോണുകളായി തിരിച്ച് കൃഷിവകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് സോണുകളെ വീണ്ടും 23 അഗ്രോ ഇക്കോളജിക്കല്‍ യൂണിറ്റുകളായി തിരിക്കും. മണ്ണിന്റെ ഫലഭൂയിഷ്ടതയും ജലലഭ്യതയും കണക്കിലെടുത്തായിരിക്കും കൃഷി വകുപ്പ് ഓരോ മേഖലയുടെയും പദ്ധതികള്‍ ആവിഷ്‌കരിക്കുക. മണ്ണ് സംരക്ഷണത്തിലും ജല ഉപയോഗത്തിലും കാണിക്കുന്ന ഗുരുതര അലംഭാവം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇവ കണക്കിലെടുത്തുള്ള വികസനത്തിനു മാത്രമേ നിലനില്‍പ്പുള്ളൂ. നിരവധി പഠനങ്ങളും റിപ്പോര്‍ട്ടുകളും വിവിധ വകുപ്പുകളുടെ പക്കലുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടുകളേക്കാള്‍ ആവശ്യം ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുകയെന്നതാണെന്ന് മന്ത്രി പറഞ്ഞു.

sameeksha-malabarinews

മണ്ണു സംരക്ഷണത്തിനായി സമൂഹം ഒരുമിച്ച് ശ്രമിക്കണം. വിപുലമായ ബോധവത്കരണം ഇതിനാവശ്യമാണ്. കഴിഞ്ഞ രണ്ടു പ്രളയത്തിനു ശേഷം കേരളത്തിലെ സ്ഥിതി ഗുരുതരമാണ്. മേല്‍മണ്ണ് പൂര്‍ണമായി ഒലിച്ചുപോയതും രൂപമാറ്റം സംഭവിച്ചതുമായ നിരവധി സംഭവങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക മണ്ണ്ദിന പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ വകുപ്പിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു. വയനാട്ടിലെ മണ്ണ് ഫലപുഷ്ടി ഭൂപടങ്ങളുടെ പ്രകാശനവും മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.

കാട്ടക്കട ജലസമൃദ്ധിയില്‍ പെട്ട മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ കര്‍മപദ്ധതി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഐ. ബി. സതീഷ് എം. എല്‍. എ പ്രകാശനം ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാര്‍ സിംഗ്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. കേല്‍ക്കര്‍, നബാര്‍ഡ് ജനറല്‍ മാനേജര്‍ ഡോ. ശെല്‍വരാജ്, ഡബ്ള്യു. ടി. ഒ സെല്‍ ഡയറക്ടര്‍ ആനന്ദി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ്, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ എസ്. അംബിക എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!