കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യ മാധവനെ ഇന്ന് ക്രൈംബ്രാഞ്ച് വീട്ടിലെത്തി ചോദ്യം ചെയ്യും. നടന്‍ ദിലീപിന്റെ പത്മസരോവരത്തെ വീട്ടിലെത്തിയാണ് കാവ്യയെ ചോദ്യം ചെയ്യുക. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിനെയും സഹോദരന്‍ അനൂപിനെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ചോദ്യം ചെയ്യല്‍ ദിലീപിന്റെ വീട്ടില്‍ വെച്ച് വേണമെന്ന ആവശ്യം കാവ്യ ആദ്യം മുതല്‍ തന്നെ ഉന്നയിച്ചിരുന്നു. സാക്ഷിയായതിനാല്‍ ചോദ്യം ചെയ്യലിന് തനിക്ക് സൗകര്യപ്രദമായ സ്ഥലം നിര്‍ദേശിക്കാന്‍ അവകാശമുണ്ടെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു കാവ്യ. ഇതെതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയത്. തുടര്‍ന്നാണ് കാവ്യയെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യുന്ന താണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചത്.
നടി കാവ്യാ മാധവന്‍ ആലുവയിലെ പോലീസ് ക്ലബില്‍ ഹാജരാകണമെന്നാണ് നേരത്തെ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.




