ക്ഷേത്രത്തിലെ പ്രസാദത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 11 മരണം

ബംഗളൂരു: കര്‍ണാടകയിലെ ചാമരാജ് നഗര്‍ ജില്ലയിലെ ക്ഷേത്രത്തില്‍ പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം 11 ആയി. സംഭവത്തില്‍ അമ്പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയാണ്.

ഹാനൂര്‍ സുല്‍വാഡി ഗ്രാമത്തിലെ കിച്ചുകുത്തി മാരമ്മ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. പ്രസാദത്തിന്റെ അവശിഷ്ടം കഴിച്ച നൂറോളം പക്ഷികളും അറുപതോളം പശുക്കളും ഇവിടെ ചത്തു.മുഖ്യമന്ത്രി കുമാര സ്വാമി മൈസൂരില്‍ ക്യാമ്പ് ചെയ്യുകയാണ്.

ക്ഷേത്രത്തിലെ പുതിയ ഗോപുര നിര്‍മ്മാവുമായി ബന്ധപ്പെട്ട ചടങ്ങുകളാണ് ക്ഷേത്രത്തില്‍ നടന്നത്. ഇതിന്റെ ഭാഗമായി ഉച്ചഭക്ഷമായി പ്രസാദമായി തക്കാളിച്ചോറും പഞ്ചാമൃതവും ഭക്തര്‍ക്ക് നല്‍കിയിരുന്നു. ഇത് കഴിച്ചയുടന്‍ പലരും കുഴഞ്ഞ് വീഴുകയായിരുന്നു. 14 പേര്‍ വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നുണ്ട്.

ക്ഷേത്ര ഗോപുര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. സംഭവത്തില്‍ ക്ഷേത്രം മാനേജര്‍ ഉള്‍പ്പെട രണ്ട് ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഭക്ഷണത്തില്‍ പുറത്തുനിന്ന് കീടനാശിനി കലര്‍ത്തിയതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Related Articles