കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിന് നാളെ ബുധന്‍ പരിസമാപ്തി, അവസാന വിമാനം വ്യാഴം പുലര്‍ച്ചെ 1.5 ന്

HIGHLIGHTS : Karipur Hajj camp ends tomorrow, Wednesday, last flight at 1.5 am on Thursday

cite

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂരിലെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് നാളെ ബുധന്‍ സമാപിക്കും. അവസാന വിമാനത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ക്യാമ്പിലെത്തും. ഉച്ചക്ക് രണ്ട് മണിക്ക് ഇവര്‍ക്കുള്ള രേഖകള്‍ കൈമാറും. മഗ് രിബ് ഇശാ നിസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വ്വഹിച്ച് ഭക്ഷണം കഴിക്കും. രാത്രി എട്ട് മണിയോടെ അവസാന സംഗത്തിനുള്ള യാത്രയയപ്പ് പരിപാടി ആരംഭിക്കും. ഒമ്പത് മണിയോടെ എയര്‍പോര്‍ട്ടിലേക്ക് തിരിക്കും. വ്യാഴാഴ്ച പുലര്‍ച്ചെ 1.10 ന് ഐ.എക്‌സ്. 3029 നമ്പര്‍ വിമാനം 88 പുരുഷന്മാരും 81 സ്ത്രീകളും ഉള്‍പ്പടെ 169 തീര്‍ത്ഥാടകരുമായി ജിദ്ധയിലേക്ക് പറക്കും. ഇതോടെ കരിപ്പൂര്‍ വഴിയുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന യാത്രക്കു പരിസമാപ്തിയാവും. അവസാന സംഘത്തോടൊപ്പം സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടറായി കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുല്‍ ജബ്ബാര്‍ അനുഗമിക്കും. കോഴിക്കോട് നിന്നും പുറപ്പെടുന്ന തീര്‍ത്ഥാടകരുടെ സേവനത്തിനായി ഇതുവരെ 32 എസ്.എച്.ഐ മാരാണ് യാത്രയായിട്ടുള്ളത്.
ഇക്കഴിഞ്ഞ മെയ് ഒമ്പതിന് വെള്ളിയാഴ്ചയാണ് കരിപ്പൂരില്‍ ക്യാമ്പ് ആരംഭിച്ചത്. പത്തിന് പുലര്‍ച്ചെ 1.10 നായിരുന്നു ആദ്യ വിമാനം. 31 വിമാനങ്ങളിലായി 5340 തീര്‍ത്ഥാടകരാണ് കരിപ്പൂര്‍ വഴി യാത്രയാവുന്നത്. കണ്ണൂരില്‍ നിന്നും മെയ് 29 നും കൊച്ചിയില്‍ നിന്നും മെയ് 30 നുമാണ് അവസാന വിമാനങ്ങള്‍.

കരിപ്പൂരില്‍ ഹജ്ജ് ക്യാമ്പ് വോളണ്ടിയര്‍മാര്‍ക്കുള്ള പ്രത്യേക അനുമോദനം ബുധനാഴ്ച വൈകുന്നേരം ഹജ്ജ് ഹൗസില്‍ നടക്കും. തീര്‍ത്ഥാടകര്‍ക്കായി കൈമൈ മറന്ന് സ്തുത്യര്‍ഹമായ സേവന പ്രവര്‍ത്തനങ്ങളാണ് ക്യാമ്പ് വോളണ്ടിയേഴ്‌സ് നടത്തിയത്. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കോഴിക്കോട് എയര്‍പോട്ട് ഡയറക്ടര്‍ സി.വി രവീന്ദ്രനു പ്രത്യേക യാത്രയയപ്പും ഹജ്ജ് ക്യാമ്പില്‍ വെച്ച് നല്‍കും.

ബുധനാഴ്ച കരിപ്പൂരില്‍ നിന്നും മൂന്ന് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെടുന്ന വിമാനത്തില്‍ 94 പുരുഷന്മാര്‍ 79 സ്ത്രീകള്‍, രാവിലെ 9.20 ന് പുറപ്പെടുന്ന വിമാനത്തില്‍ 85 പുരുഷന്മാര്‍ 88 സ്ത്രീകള്‍, വൈകുന്നേരം 5.55 ന് പുറപ്പെടുന്ന വിമാനത്തില്‍ 95 പുരുഷന്മാരും 77 സ്ത്രീകളുമാണ് യാത്രയാവുക.

വിമാനങ്ങളെല്ലാം കൃത്യ സമത്ത്.
കരിപ്പൂരില്‍ നിന്നുള്ള ഇതു വരെയുള്ള എല്ലാ ഹജ്ജ് സര്‍വ്വീസുകളും ഷെഡ്യൂള്‍ ചെയ്ത സമയത്ത് തന്നെ പുറപ്പടാനായത് തീര്‍ത്ഥാടകര്‍ക്കും ഹജ്ജ് കമ്മിറ്റിക്കും ആശ്വാസകരമായി. ക്യാമ്പ് തുടക്ക സമയത്തെ ഇന്ത്യ – പാക്കിസ്ഥാന്‍ യുദ്ധ സാഹചര്യം രാജ്യത്തെ വിമാനത്താവള പ്രവര്‍ത്തനങ്ങളേയും വിമാന സര്‍വ്വീസുകളെയും പ്രതികൂലമായി ബാധിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും സ്ഥിതി ഗതികള്‍ ഉടനെ ശാന്തമായത് തീര്‍ത്ഥാടകര്‍ക്ക് തുണയായി. രണ്ട് ദിവസമായുള്ള ജില്ലയിലെ മഴ സാഹചര്യവും ഹജ്ജ് സര്‍വ്വീസുകളെ ബാധിക്കാത്തത് അനുഗ്രഹമായി.

ആരോഗ്യ യാത്ര ഉറപ്പാക്കി മെഡിക്കല്‍ സംഘം.
ശരാശരി 40-45 ദിവസം വരെ നീണ്ടു നില്‍ക്കുന്ന തീര്‍ത്ഥാടന യാത്രക്കു മുമ്പായി തീര്‍ത്ഥാടകരുടെ ആരോഗ്യ സംരക്ഷണം ഉറപ്പക്കി ഹജ്ജ് ക്യാമ്പിലെ മെഡിക്കല്‍ സംഘം. ക്യാമ്പില്‍ തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യപരമായി എന്തെങ്കിലും പ്രയാസം അനുഭവപ്പെടുകയാണെങ്കില്‍ യാത്ര പുറപ്പെടും മുമ്പ് അവ കണ്ടെത്തി, ചികിത്സിച്ചു ഭേദമാക്കുന്നതിനാവശ്യമായ പ്രാഥമിക ചികിത്സാ സൗകര്യങ്ങളും ഇതിനാവശ്യമായ മരുന്നുകളുമാണ് മെഡിക്കല്‍ സെന്ററില്‍ പ്രധാനമായും സജ്ജീകരിച്ചിരുന്നത്. കൂടാതെ യാത്രയിലും മറ്റും സ്ഥിരമായി ആവശ്യമായി വരുന്ന മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പോട് കൂടി തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫീറോസ് ഖാനാണ് ഹജ്ജ് ക്യാമ്പിലെ മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

അവലോകനവും ആലോചനയും നടത്തി റിവ്യൂ മീറ്റിങ്ങ്.
ഹജ്ജ് ക്യാമ്പിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് ക്യാമ്പ് റിവ്യൂ മീറ്റിങ്ങിലായിരുന്നു. അവസാന റിവ്യൂ മീറ്റിങ്ങ് ബുധന്‍ വൈകുന്നേരം ചേരും. ദിനേന വൈകുന്നേരം ഏഴ് മണിക്ക് ഹജ്ജ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ ഓരോ ദിവസത്തേയും ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തൊട്ടടുത്ത ദിവസത്തെ തീര്‍ത്ഥാടകരുടെ റിപ്പോര്‍ട്ടിങ്ങ് സമയ ക്രമീകരണങ്ങളും അനുബന്ധ ഒരുക്കങ്ങളും ചര്‍ച്ച ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, അംഗങ്ങള്‍, സെല്‍ ഉദ്യോഗസ്ഥര്‍, വിവിധ സബ് കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവരാണ് സ്ഥിരമായി മീറ്റിങ്ങില്‍ സംബന്ധിക്കാറുള്ളത്.

ക്യാമ്പ് ക്ലീനാക്കി ഹരിത കര്‍മ്മസേനയും.

മാലിന്യ മുക്ത ഹജ്ജ് ക്യാമ്പ് സാധ്യമാക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിലെത്തി മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ഹരിത കര്‍മ്മ സേനാംഗങ്ങളും. മുന്‍സിപ്പാലിറ്റിക്കു കീഴില്‍ സേവനം ചെയ്യുന്ന മേലങ്ങാടി സ്വദേശി ജമീല, കോടങ്ങാട് സ്വദേശി ഗീത എന്നിവരാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ ക്യാമ്പിലെത്തി ശുചീകരണ പ്രവൃത്തികളില്‍ ഭാഗവാക്കാവുന്നത്.
ഓരോ ദിവസത്തേയും ജൈവ, അജൈവ, മാലിന്യങ്ങള്‍ ശാസ്ത്രീയമായും പ്രകൃതി സൗഹൃദ രീതിയിലും സംസ്‌കരിക്കുന്നതിന് ഹജ്ജ് കമ്മിറ്റി നേരത്തെ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാണ് ക്യാമ്പിന്റെ പ്രവര്‍ത്തനമെന്നതിനാല്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുളള മാലിന്യങ്ങളുടെ അളവ് ഇത്തവണ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്.

അടിയന്തിര സാഹചര്യങ്ങളെ നേരിടാനായി ക്യാമ്പ് ആരംഭ ദിവസം മുതല്‍ ഫയര്‍ & റെസ്‌ക്യൂ ഉദ്യോഗസ്ഥരുടെയും ഉപകരണങ്ങളുടേയും സാന്നിധ്യവും ക്യാമ്പിലുണ്ടായിരുന്നു. മലപ്പുറം ഫയര്‍ സ്റ്റേഷനിലെ ഒരു യൂണിറ്റ് ഫയര്‍ എഞ്ചിനും അനുബന്ധ സജ്ജീകരണങ്ങളുമാണ് ക്യാമ്പിലുണ്ടായിരുന്നത്. ജില്ലാ ഫയര്‍ & റെസ്‌ക്യൂ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഞ്ചംഗ ഉദ്യോഗസ്ഥരെയാണ് രണ്ട് ഷിഫ്റ്റുകളിലായി ക്യാമ്പില്‍ വിന്യസിച്ചിരുന്നത്.

സംസ്ഥാനത്ത് നിന്നും ഇതു വരെയായി 16064 തീര്‍ത്ഥാടകര്‍ക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. ഇതില്‍ 5340 പേര്‍ കോഴിക്കോട്, 6039 കൊച്ചി, 4663 കണ്ണൂര്‍ എന്നീ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴിയാണ് പുറപ്പെടുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!