കണ്ണൂര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീന്‍ ബാബു മരിച്ചനിലയില്‍. കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. കഴിഞ്ഞദിവസം നടന്ന യാത്രയയപ്പ് യോഗത്തില്‍, നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം.
കഴിഞ്ഞദിവസം വൈകിട്ടാണ് കണ്ണൂര്‍ കലക്ടറേറ്റില്‍ നവീനുള്ള യാത്രയയപ്പ് യോഗം നടന്നത്. ആ പരിപാടിയില്‍ നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ഉന്നയിച്ചത്. പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്കു ക്ഷണിച്ചിരുന്നില്ല.ഒരു പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു അഴിമതി നടത്തിയെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പി പി ദിവ്യയുടെ വിമര്‍ശനം
കണ്ണൂരില്‍നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീന്‍ ബാബു, അടുത്ത ദിവസം ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.
അദേഹത്തിന് ഇന്ന് പത്തനംതിട്ട ഓഫീസില്‍ ജോയിന്‍ ചെയ്യേണ്ടതിനാല്‍ കുടുംബം ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ നവീന്‍ വരുമെന്ന് അറിയിച്ച ട്രെയിനില്‍ കാണാതായതോടെയാണ് ഇവര്‍ അന്വേഷിച്ചപ്പോഴാണ് കണ്ണൂരിലെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ നവീനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ വിവരം ലഭിച്ചത്.
പത്തനംതിട്ട സ്വദേശിയായ നവീന്‍ ബാബുവിന്റെ വിരമിക്കാന്‍ ഏഴുമാസം മാത്രം ബാക്കിനില്‍ക്കെ, അവിടേക്കു സ്ഥലംമാറ്റം ചോദിച്ചുവാങ്ങുകയായിരുന്നു. റാന്നി തഹസില്‍ദാറായിരിക്കെയാണ് രണ്ടര വര്‍ഷം മുന്‍പ് കാസര്‍കോട് എഡിഎമ്മായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. ഫെബ്രുവരിയിലാണ് കണ്ണൂരില്‍ ചുമതലയേറ്റത്.
കോന്നി തഹസില്‍ദാര്‍ മഞ്ജുഷയാണ് ഭാര്യ. രണ്ടു പെണ്‍മക്കളുണ്ട്.




