ചന്ദ്രമുഖി 2-ല്‍ കങ്കണ നായികയായേക്കും

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ചന്ദ്രമുഖി 2’വില്‍ നായികയാകാന്‍ ബോളിവുഡ് താരം കങ്കണ. ചന്ദ്രമുഖി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുകയെന്നാണ് വിവരം. ഇക്കാര്യം കങ്കണയും സ്ഥിരീകരിച്ചിട്ടുണ്ട്. ‘എമര്‍ജന്‍സി’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാകും ചന്ദ്രമുഖി 2വില്‍ കങ്കണ ജോയിന്‍ ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം പുരോഗമിക്കുന്ന ചന്ദ്രമുഖി സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. പി വാസു ആണ് സംവിധാനം.

ഈ വര്‍ഷം ജൂലൈയില്‍ ആണ് ചന്ദ്രമുഖി 2വിന്റെ ചിത്രീകരണം ആരംഭിച്ചത്. രജനീകാന്ത് തകര്‍ത്തഭിനയിച്ച ചന്ദ്രമുഖി വീണ്ടും എത്തുമ്പോള്‍, നായകനായി എത്തുന്നത് ലോറന്‍സ് ആണ്. വടിവേലു ചന്ദ്രമുഖിയുടെ രണ്ടാംഭാഗത്തിലും അഭിനയിക്കുന്നുണ്ട്.

രജനീകാന്തും രാഘവ ലോറന്‍സും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം എത്തിയപ്പോള്‍ താരനിരയില്‍ രജനീകാന്ത് ഉണ്ടായിരുന്നില്ല. ചന്ദ്രമുഖി 2വിന്റെ ചിത്രീകരണം ആരംഭിച്ച വേളയില്‍ രജനീകാന്തിനെ നേരില്‍ കണ്ട് ലോറന്‍സ് അനുഗ്രഹം വാങ്ങിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

മണിച്ചിത്രത്താഴ് ചിത്രത്തിന്റെ കന്നഡ റീമേക്ക് ആപ്തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. പി വാസു ആയിരുന്നു ഈ ചിത്രത്തിന്റെയും സംവിധാനം.

 

Share news
error: Content is protected !!
Scroll to Top