Section

malabari-logo-mobile

കളമശ്ശേരി സ്‌ഫോടനം : മരണം മൂന്നായി, നാലു പേരുടെ നില ഗുരുതരം, മുഖ്യമന്ത്രി ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചു

HIGHLIGHTS : Kalamassery blast: Three dead, four in critical condition

കൊച്ചി: കളമശേരിയിലെ യഹോവയുടെ സാക്ഷികളുടെ പ്രാര്‍ഥനാ സമ്മേളനത്തിനിടെ ബോംബ് സ്ഫോടനത്തില്‍ കുട്ടിയും സ്ത്രീകളും ഉള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെട്ടു. 2500ലേറെപ്പേര്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍ സെന്ററിലെ പ്രാര്‍ഥനയ്ക്കിടെ രണ്ട് ബോംബ് മൂന്നുതവണ പൊട്ടിത്തെറിച്ചു. എറണാകുളം മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ ലിബിന (12), പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപടി പുളിയന്‍ വീട്ടില്‍ ലിയോണ പൗലോസ് (55), തൊടുപുഴ കാളിയാര്‍ കുളത്തിങ്കല്‍ വീട്ടില്‍ കുമാരി പുഷ്പന്‍(53) എന്നിവരാണ് കൊല്ലപ്പെട്ടത്. ലിബിനയ്ക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു. തിങ്കള്‍ രാവിലെ പത്തിന് സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.

പൊള്ളലേറ്റ 33 പേരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവരുള്‍പ്പെടെ 51 പേരെ പരിക്കുകളോടെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ചോറ്റുപാത്രത്തില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. കസേരയുടെ അടിയിലാണ് ഇത് വച്ചിരുന്നതെന്നാണ് അനുമാനം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ചിലവന്നൂര്‍ സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ (57) തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ ചോദ്യംചെയ്തുവരുന്നു. യുഎപിഎ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി.

sameeksha-malabarinews

കളമശേരി മണലിമുക്ക് റോഡിലെ സാമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ ഞായര്‍ രാവിലെ 9.40നായിരുന്നു കേരളത്തെ നടുക്കിയ സ്ഫോടനം. മൂന്നുദിവസത്തെ പ്രാര്‍ത്ഥനായോഗം സമാപിക്കുന്ന ദിവസമായിരുന്നു. രാവിലെ 9.20ന് പ്രാര്‍ഥന തുടങ്ങി. പിന്നാലെ ഹാളിന്റെ മധ്യത്തില്‍ ഉഗ്രശബ്ദത്തില്‍ ആദ്യ പൊട്ടിത്തെറി. തുടര്‍ന്ന് രണ്ടു സ്ഫോടനങ്ങള്‍ കൂടി. ഹാളില്‍ തീയും പുകയും നിറഞ്ഞു. പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതിനിടെ വീണും കൂട്ടിയിടിച്ചും പലര്‍ക്കും പരിക്കേറ്റു. പൊലീസും നാല് യൂണിറ്റ് അഗ്‌നിരക്ഷാസേനയും ഉടന്‍ സ്ഥലത്തെത്തി. മന്ത്രിമാര്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനത്തിനും ചികിത്സാ സൗകര്യമൊരുക്കാനും നേതൃത്വം നല്‍കി.

അന്വേഷണം പുരോഗമിക്കവെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് പകല്‍ ഒന്നരയോടെ ഡൊമിനിക് മാര്‍ട്ടിന്‍ കീഴടങ്ങിയത്.
കുമാരിയും കുടുംബവും കാളിയാര്‍ കോയാംപടിയില്‍ ഒരപ്പനാല്‍ സന്തോഷിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഭര്‍ത്താവ്: പരേതനായ പുഷ്പന്‍. മക്കള്‍: ശ്രീരാഗ്, ശ്രീരാജ്. മരുമകള്‍: ദിവ്യ. മരിച്ച ലിയോണയുടെ ഭര്‍ത്താവ്: പൗലോസ്. മകന്‍: ബാബു.

അന്വേഷണത്തിന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാര്‍ തലവനായി ഇരുപത്തിയൊന്നംഗ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊച്ചി ഡിസിപി എസ് ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!