കൊച്ചി: സിനിമാ – ടെലിവിഷൻ താരം കലാഭവൻ നവാസ് (51) നിര്യാതനായി. എറണാകുളം ചോറ്റാനിക്കരയിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ മുറി തുറന്നു പരിശോധിച്ചപ്പോഴാണ് കിടക്കുന്നതായി കണ്ടത്. ഉടനെത്തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചോറ്റാനിക്കരയിൽ പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു.
വൈകിട്ട് ആറര വരെ ഷൂട്ടിങ് ഉണ്ടായിരുന്നു.രാത്രി 8:30 യോടെ റൂം വെക്കേറ്റ് ചെയ്യുമെന്ന് ഹോട്ടൽ ജീവനക്കാരെ അറിയിച്ചിരുന്നു എന്നിട്ടും കാണാതായതോടെയാണ് ഹോട്ടൽ ജീവനക്കാർ റൂം പരിശോധിച്ചത്.
മലയാളികളുടെ മനസ്സിൽ നടൻ ഗായകൻ മിമിക്രി താരം എന്നീ നിലകളിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരനായിരുന്നു നവാസ്.
ചട്ടമ്പിനാട് ,ജൂനിയർ മാൻഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാൻ, മീനാക്ഷി കല്യാണം ,ഹിറ്റ്ലർ ബ്രദേഴ്സ് ,വെട്ടം, ചക്കരമുത്ത്, മേരാനാം ഷാജി, മിമിക്സ് ആക്ഷൻ 500 തുടങ്ങി 40ലേറെ ചിത്രങ്ങളിൽ ഹാസ്യപ്രധാനമായ റോളുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
സിനിമ നാടക നടനായിരുന്ന അബൂബക്കറിന്റെ മകനാണ് നവാസ്. ഭാര്യ രഹന നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് .ഇപ്പോൾ ടെലിവിഷൻ ഷോ രംഗത്തും സജീവമാണ്.



