കടലുണ്ടി കടവില്‍ കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി : കടലുണ്ടി കടവിനടുത്ത് കൂട്ടുകാരോടൊത്ത് കടലില്‍ കുളിക്കാനിറങ്ങി കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി. കടലുണ്ടി നഗരം സ്വദേശി കലന്തത്തിന്റെ പുരയ്ക്കല്‍ സലാമിന്റെ മകന്‍ മുഹമ്മദ് മുസമ്മലിനാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് കൂട്ടകാരായ ഹിലാല്‍, അഫ്‌സല്‍ എന്നിവരോടൊപ്പം കടലുണ്ടി കടവ് അഴിമുഖത്തിനടുത്ത് കുളിക്കാനിറങ്ങിയത്. ഇതിനിടെ ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന് മൂവരും ഒഴുക്കില്‍ പെടുകയായിരുന്നു. ഹിലാലും അഫ്‌സലും നീന്തി കരയിലെത്തിയെങ്ങിലും മുസമ്മിലിനെ ഒഴുക്കില്‍ പെട്ട്കാണാതാവുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലനൊടുവില്‍ ഇന്ന് ഉച്ചക്ക് രണ്ടേമുക്കാലോടെയാണ് മൃതദേഹം കണ്ടെത്തിയത് . ഇവര്‍ കുളിക്കാനിറങ്ങിയ സ്ഥലത്തിന് സമീപത്തെ പാറക്കെട്ടിനടുത്ത് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.
ശക്തമായ കടല്‍ക്ഷോഭവും പാറക്കെട്ടുകള്‍ ഉള്ള സ്ഥലവുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌ക്കരമായിരുന്നു. അധികൃതര്‍ വേണ്ടരീതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കിയില്ലെന്ന് ആരോപിച്ച് ഇന്ന് രാവിലെ നാട്ടുകാര്‍ പരപ്പനങ്ങാടി കോഴിക്കോട് റോഡ് ആനങ്ങാടിയില്‍ മണിക്കുറുകളോളം ഉപരോധിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
മുസമ്മില്‍ ഈ വര്‍ഷമാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്.
മാതാവ്: മൈമൂന, സഹോദരന്‍ ; മുക്താര്‍

Related Articles