കടലുണ്ടി വാവുത്സവം ചൊവ്വാഴ്ച;കുന്നത്തു തറവാട്ടിലും കൊടിയേറ്റം നടന്നു

റിപ്പോര്‍ട്ട്;മോഹന്‍ ചാലിയം
കടലുണ്ടി:ഇനി അഞ്ചാം നാള്‍ ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കടലുണ്ടി വാവുത്സവം

വാവുത്സവ നാളില്‍ വാക്കടവില്‍ നിന്നും പേടിയാട്ട് ഭഗവതിയും മകന്‍ ജാതവനും തിരിച്ചെഴുന്നള്ളി വിശ്രമിക്കുന്ന കുന്നത്ത് തറവാട്ടില്‍ ഇന്ന് രാവിലെ ഏഴു മണിയോടെ കൊടിയേറ്റം നടന്നുകുന്നത്ത് നമ്പ്യാര്‍ തറവാട്ടിലെ കാരണവര്‍ വാസുദേവന്‍ നമ്പ്യാരുടെ നേതൃത്ത്വത്തിലാണ് ഭക്തി സാന്ദ്രമായി കൊടിയേറ്റം നടന്നത്.

വാവുത്സവത്തിലെ പ്രധാന ചടങ്ങായ ജാതവന്‍ പുറപ്പാട് ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെ മണ്ണൂര്‍ കാരകളിപ്പറമ്പിലെ ജാതവന്‍ കോട്ടയില്‍ നിന്നും ആരംഭിക്കും.കുടില്‍ പുരക്കല്‍ തറവാട്ടിലെ മൂത്ത പെരുവണ്ണാന്റെ നേതൃത്ത്വത്തില്‍ ജാതവന്‍ പുറപ്പാടിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

നാടൊട്ടുക്കും ഉത്സവം അറിയിച്ചു കൊണ്ടുള്ള ജാതവന്റെ ഊരുചുറ്റലിന് ശേഷം 21ന് ചൊവ്വാഴ്ച രാവിലെ വാക്കടവില്‍ എത്തുന്ന ജാതവന്‍, അമ്മ ഭഗവതിയെ കണ്ടുമുട്ടി നീരാട്ടിനു ശേഷം ഇരുവരും ഒന്നിച്ചു തിരിച്ചെഴുന്നള്ളും.

ഉത്സവത്തോടനുബന്ധിച്ച് കടലുണ്ടിയിലും സമീപ പ്രദേശങ്ങളിലും പഞ്ചായത്തിന്റെയും റസിഡന്‍സ് അസോസിയേഷനുകളുടെയും ആഭിമുഖ്യത്തില്‍ വഴിയോരങ്ങളില്‍ ശുദ്ധീകരണ പ്രവൃത്തികള്‍ തകൃതിയായി നടന്നു വരികയാണ്. പ്രധാന റോഡുകളിലും സമീപത്തെ പറമ്പുകളിലും കച്ചവടങ്ങള്‍ക്കുള്ള താല്‍ക്കാലിക ഷെഡ്ഡുകള്‍ നിറഞ്ഞു.

ഇത്തവണയും കടലുണ്ടി ഗ്രാമപഞ്ചായത്ത് വാവുത്സവം ഗ്രാമോത്സവമായി കൊണ്ടാടും.
ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് മണ്ണൂര്‍ പ്രബോധിനി ജംഗ്ഷനില്‍ നിന്നും ഗ്രാമോത്സവ ഘോഷയാത്ര ആരംഭിക്കും.

പൊതു സമ്മേളനം പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപാടികള്‍, ദീപാലങ്കാര മത്സരം തുടങ്ങിയവ ഗ്രമോത്സവത്തിന്റെ ഭാഗമായി നടക്കും.

ഇനിയുള്ള അഞ്ചു നാളുകള്‍ കടലുണ്ടി ഭക്തിയുടെയും ആഹ്‌ളാദത്തിന്റെയും നിറവില്‍ അലിഞ്ഞു ചേരും.

 

Share news
error: Content is protected !!
Scroll to Top