Section

malabari-logo-mobile

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന

HIGHLIGHTS : Indications are that K Surendran will be removed from the post of BJP state president

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന. സുരേന്ദ്രന് പകരം ഗ്രൂപ്പിനതീതനായ മറ്റൊരാളെ കണ്ടെത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. അതിനിടെ കാലാവധി തികയ്ക്കാന്‍ അനുവദിക്കണമെന്ന് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തോട് കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും സംസ്ഥാന അധ്യക്ഷനെ മാറ്റുന്ന കാര്യത്തില്‍ ബിജെപി കേന്ദ്രനേതൃത്വം തിരക്കിട്ട ചര്‍ച്ചയിലാണ്. കെ സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ചതും പുനഃസംഘടനയെ കുറിച്ച് അഭിപ്രായം ആരായാന്‍ തന്നെ. പ്രാദേശിക തലം മുതല്‍ അഴിച്ചുപണി നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കര്‍മ്മ പദ്ധതി അവതരിപ്പിച്ച സുരേന്ദ്രന്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൊടകര കുഴല്‍പണക്കേസും തിരഞ്ഞെടുപ്പ് പരാജയവും കോഴക്കേസും ഉള്‍പ്പെടെ പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ത്ത സംഭവങ്ങള്‍ കേന്ദ്രത്തെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.

sameeksha-malabarinews

സുരേന്ദ്രനെ മാറ്റിയാല്‍ പകരക്കാരനായി ഒറ്റപ്പേരിലെത്താന്‍ കേന്ദ്രത്തിനും സാധിച്ചിട്ടില്ല, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ എന്നീ പേരുകളാണ് കൃഷ്ണദാസ് പക്ഷം മുന്നോട്ടുവെക്കുന്നത്. ആര്‍എസ്എസിനും ഇവര്‍ അഭിമതരാണ്. എന്നാല്‍ ഈ രണ്ട് പേരുകളും മുരളീധര പക്ഷത്തിന് സ്വീകാര്യമല്ല. കെ. സുരേന്ദ്രന്‍ തുടരണമെന്നാണ് മുരളീധര പക്ഷത്തിന്റെ വാദം.

പഴയപടി തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ഗ്രൂപ്പിനതീതനായ ഒരാളെ കണ്ടെത്താനും കേന്ദ്ര നേതൃത്വം ശ്രമം തുടങ്ങി. സുരേഷ് ഗോപി, വത്സന്‍ തില്ലങ്കേരി തുടങ്ങി പേരുകള്‍ ചിലര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. പി.കെ. കൃഷ്ണദാസിനെ വീണ്ടും അധ്യക്ഷനാക്കാനും സാധ്യതയുണ്ട്, പകരക്കാരനെ ചൊല്ലി തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ വരെ സുരേന്ദ്രന്‍ തുടരും, കേന്ദ്ര മന്ത്രി വി മുരളീധരനും ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷും കെ സുരേന്ദ്രനെ നിലനിര്‍ത്തണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതു കൊണ്ട് തന്നെ മോദി- അമിത് ഷാ-നദ്ദ ത്രയങ്ങളുടെ തീരുമാനം നിര്‍ണായകമാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!