സുരേന്ദ്രന് ജാമ്യമില്ല

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുരേന്ദ്രന്‍ റിമാന്‍ഡിലായത്. വധശ്രമം, ഗൂഢാലോചന എന്നിവ ഒരുമിച്ച് വന്നതിനാലാണ് ജാമ്യം തള്ളുന്നതെന്ന് കോടതി വ്യക്തമാക്കി.

സുരേന്ദ്രനെ ഒരുമണിക്കൂര്‍ പോലീസ് ചോദ്യം ചെയ്യാനും കോടതി അനുമതി നല്‍കി. ഇന്ന് വൈകീട്ട് ഏഴുമണിക്ക് ചോദ്യം ചെയ്യാനാണ് ഉത്തരവ്. ഇതിന് ശേഷം കുടുംബവുമായി ഫോണില്‍ സംസാരിക്കാം.

അതെസമയം സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ശക്തമായി എതിര്‍വാദങ്ങളാണ് പ്രോസിക്യൂഷന്‍ നിരത്തിയത്. സുരേന്ദ്രന്‍ നിരവധി കേസുകളില്‍ പ്രതിയാണ്, സുപ്രീം കോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചു, ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ പോലീസ് കള്ളക്കേസുകളാണ് ചുമത്തിയിരിക്കുന്നത് സുരേന്ദ്രന്റെ അഭിഭാഷകന്‍ പറഞ്ഞു.

Related Articles