HIGHLIGHTS : K.S. Fulbright Nehru Fellowship to Anjit
കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിക്ക് പ്രശസ്തമായ ഫുള്‍ബ്രൈറ്റ് നെഹ്രു ഡോക്ടറല്‍ ഫെലോഷിപ്പ്. ബോട്ടണി പഠനവകുപ്പിലെ കെ.എസ്. അഞ്ജിതക്കാണ് 2025-26 വര്‍ഷത്തെ ഫെലോഷിപ്പ് ലഭിച്ചിരിക്കുന്നത്.
മികച്ച അക്കാദമിക് നേട്ടങ്ങളും നേതൃപാടവവുമുള്ള ഇന്ത്യന്‍ ഗവേഷകര്‍ക്ക് യു.എസ്.-ഇന്ത്യ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ്പുരസ്‌കാരം.
ഒമ്പത് മാസമാണ് ഫെലോഷിപ്പ് കാലാവധി. യു.എസിലെ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിനും അക്കാദമിക്-സാംസ്‌കാരിക വിനിമയത്തിനും ഇത് സഹായിക്കും.
സര്‍വകലാശാലാ സസ്യശാസ്ത്ര വകുപ്പിലെ പ്രൊഫസറായ ഡോ. ജോസ് ടി. പുത്തൂരിന് കീഴില്‍ പ്ലാന്റ് ഫിസിയോളജി ആന്റ് ബയോകെമിസ്ട്രി ഡിവിഷനില്‍ പി.എച്ച്.ഡി. വിദ്യാര്‍ഥിനിയാണ് അഞ്ജിത.
നെല്‍ച്ചെടികളില്‍ ആര്‍സനിക് ഉള്‍പ്പെടെയുള്ള ഘനലോഹങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ ചെടിയുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഗവേഷണം. യു.എസിലെ മസാച്ചുസെറ്റ്‌സ് സര്‍വകലാശാലയില്‍ പ്രൊഫസറും പ്ലാന്റ് മോളിക്യുലാര്‍ ബയോളജി വിദഗ്ധനുമായ ഓംപപര്‍കാശ് ധന്‍കേറിനൊപ്പം ഗവേഷണത്തിനുള്ള അവസരമാണ് ലഭിക്കുന്നത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി കെ.പി. സുലൈമാന്‍-സി.കെ. റംലാബി ദമ്പതിമാരുടെ മകളാണ് അഞ്ജിത. നേരത്തേ ഡോ. ജോസ് പുത്തൂരിന്റെ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന എം.എസ്. അമൃത ഫുള്‍ബ്രൈറ്റ്-കലാം ഫെലോഷിപ്പ് നേടിയിരുന്നു.