വിവാഹത്തിന് തൊട്ട് മുന്‍പ് വരനും വധുവും വഴക്കിട്ട് പിരിഞ്ഞു; ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്, വരന്റെ പിതാവിന് പരിക്ക്

കൊല്ലം: വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും വിവാഹ തലേന്നുണ്ടായ വഴക്കിനെ തുടര്‍ന്ന് തെറ്റിപ്പിരിഞ്ഞു. ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വരന്റെ പിതാവിന് പരിക്കേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്തതായി പാരിപ്പള്ളി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത് .

പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ ആദ്യം വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് വീട്ടുകാരുടെ പിന്തുണയോടെ മാസങ്ങള്‍ക്കു മുമ്പ് നിശ്ചയം നടത്തിയിരുന്നു. പിന്നീട് യുവാവ് വിദേശത്തേക്ക് പോയി. വിവാഹത്തിനായാണ് ഇയാള്‍ നാട്ടിലെത്തിയത്. വിവാഹ തലേന്ന് മെഹന്ദി ചടങ്ങിനായി വീട്ടിലെത്തിയ യുവാവും യുവതിയും തമ്മില്‍ തര്‍ക്കത്തിലായി.

മധ്യസ്ഥശ്രമത്തിനായി ഇരുവരുടെയും വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തിയ അവസരത്തിലാണ് പ്രശ്‌നമുണ്ടായത്. ഞായറാഴ്ച പാരിപ്പള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന വിവാഹമാണ് തര്‍ക്കംമൂലം മുടങ്ങിയത്.

Share news
error: Content is protected !!
Scroll to Top