Section

malabari-logo-mobile

ജ്യൂസ്‌ തണുപ്പിക്കാന്‍ മീന്‍ കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ്‌

HIGHLIGHTS : മലപ്പുറം: ഭക്ഷ്യസുരക്ഷാ മാനദണ്‌ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന വഴിയോരക്കച്ചവടങ്ങളില്‍ ആരോഗ്യ വകുപ്പ്‌ നടത്തിയ പരിശോധനയില്‍ പകര്‍ച്ച

images (1)മലപ്പുറം: ഭക്ഷ്യസുരക്ഷാ മാനദണ്‌ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന വഴിയോരക്കച്ചവടങ്ങളില്‍ ആരോഗ്യ വകുപ്പ്‌ നടത്തിയ പരിശോധനയില്‍ പകര്‍ച്ച വ്യാധിയ്‌ക്ക്‌ കാരണമാകുന്ന ഐസ്‌ ക്യൂബുകള്‍ കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജ്യൂസ്‌ തണുപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത്‌ മീന്‍ കേടുവരാതിരിക്കാനുള്ള ഐസ്‌ ബ്ലോക്കുകളാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ ഐസ്‌ നശിപ്പിച്ചു. നെടിയിരുപ്പിലെ കൈരളി ഐസ്‌ ഫാക്‌ടറിയില്‍നിന്നും മീന്‍ കേടുവരാതിരിക്കാന്‍ കോട്ടപ്പടി മാര്‍ക്കറ്റിലേക്ക്‌ കൊണ്ടുവരുന്ന ഐസ്‌ ബ്ലോക്കുകള്‍ ഏജന്റ്‌ മുഖേനയാണ്‌ നഗരത്തിലെ വഴിയോരക്കച്ചവടക്കാര്‍ക്ക്‌ ലഭിക്കുന്നത്‌. ഇക്കാര്യം ആരോഗ്യവകുപ്പ്‌ അധികൃതര്‍ കലക്‌ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. പകര്‍ച്ചവ്യാധി മുന്നൊരുക്കത്തിന്റെ ഭാഗമായി 23 ന്‌ ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ഏകോപനസമിതിയുടെ തീരുമാനപ്രകാരമാണ്‌ പരിശോധന നടത്തിയത്‌.
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നടത്തുന്ന കടകളില്‍ നിന്നും നല്‍കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും മഞ്ഞപ്പിത്തം, ടൈഫോയിഡ്‌, വയറിളക്ക രോഗങ്ങള്‍ എന്നിവയുടെ വ്യാപനത്തിന്‌ സാധ്യതയേറെയാണെന്ന്‌ കണ്ടെത്തി. വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കാതെ നടത്തുന്ന ഇത്തരം സ്ഥാപനങ്ങളിലെ നടത്തിപ്പുകാര്‍ കൂടുതലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്‌.
ശുദ്ധമായ വെള്ളത്തില്‍ നിര്‍മിച്ചത്‌ എന്ന വ്യാജേനെ ഐസ്‌ ക്യൂബുകള്‍ ഉപയോഗിക്കുന്ന കരിപ്പൂരിലെ കടകളിലെ പരിശോധനയില്‍ കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെതുടര്‍ന്ന്‌ സ്ഥാപനത്തിന്‌ നോട്ടീസ്‌ നല്‍കി. കുലുക്കി സര്‍ബത്തില്‍ ഉപയോഗിക്കുന്ന ഫ്‌ളേവറുകളിലെ ബോട്ടിലുകളില്‍ നിര്‍മാണ യൂനിറ്റിന്റെ പേരോ തീയതികളോ രേഖപ്പെടുത്തിയിട്ടില്ല. ഇതിലും കൊമേഴ്‌സല്‍ ഐസ്‌ ബ്ലോക്കാണ്‌ ഉപയോഗിക്കുന്നത്‌. തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരമോ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ അനുമതിയോ ഇല്ലാതെ നടത്തുന്ന വഴിയോരകച്ചവടക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി.എം.ഒ ബന്ധപ്പെട്ട തദേശസ്ഥാപനങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. ആരോഗ്യത്തിന്‌ ഹാനികരമായ ഇത്തരം പാനീയങ്ങളും ഭക്ഷ്യവസ്‌തുക്കളും കഴിക്കരുതെന്ന്‌ ഡി.എം.ഒ ഡോ. വി. ഉമ്മര്‍ ഫാറൂഖ്‌ അറിയിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡി.എം.ഒ മാര്‍ എന്നിവയുടെ നേതൃത്വത്തില്‍ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍മാരും ഫീല്‍ഡ്‌ ജീവനക്കാരും അടങ്ങുന്ന സംഘവുമാണ്‌ പരിശോധന നടത്തിയത്‌. മലപ്പുറത്ത്‌ ഡി.എം.ഒ ഡോ. വി. ഉമ്മര്‍ ഫാറൂഖ്‌, ടെക്‌നിക്കല്‍ അസി. പി.കെ കുമാരന്‍, ഡെപ്യൂട്ടി മാസ്‌ മീഡിയ ഓഫീസര്‍ കെ.പി സാദിഖലി, ആരോഗ്യപ്രവര്‍ത്തകരായ എം. പ്രഭാകരന്‍, വി.ബി പ്രമോദ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!