സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ല;ജസ്റ്റിസുമാര്‍

ദില്ലി: മസങ്ങളായി സുപ്രീംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലല്ലെന്ന് ജസ്റ്റിസ് ചെല്ലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ ചീഫ് ജസ്റ്റിസിന് ഒരു കത്തു നല്‍കിയിരുന്നു. ഒരു പ്രത്യേക കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു ആ കത്ത്. ഇന്നു രാവിലെയും ആ കാര്യത്തിലുള്ള ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത്.

സൊറാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സിബിഐ ജഡ്ജ് ബ്രിജ്‌ഗോപാല്‍ ഹരികിഷന്‍ ലോയ 2014 ല്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് മരണത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് അന്ന് ചെല്ലമേശ്വര്‍ അടക്കമുള്ള നാല് ജസ്റ്റിസുമാരും ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. ഈ കത്തിനെ കുറിച്ചാണ് ജസ്റ്റിസുമാര്‍ സൂചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ കത്ത് ഇന്ന് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.

സുപ്രീംകോടതി സംവിധാനങ്ങള്‍ പലപ്പോഴും ശരിയായ രീതിയിലല്ല നടക്കുന്നതെന്നും. സംഭവിക്കാന്‍ പാടില്ലാത്തതാണ് കഴിഞ്ഞ കുറച്ച് മാസങ്ങളിലായി സംഭവിക്കുന്നതെന്നും അതുകൊണ്ടാണ് മുതിര്‍ന്ന അംഗങ്ങള്‍ എന്ന നിലയില്‍ കോടതിയോടും രാജ്യത്തോടും ചില കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണമെന്നും അവര്‍ പറഞ്ഞു. പക്ഷപാതിത്വമില്ലാത്ത കോടതിയാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ. എന്നാല്‍ ക്രമരഹിതമായ പ്രവര്‍ത്തനങ്ങളാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കൊളീജിയത്തിലെ അംഗങ്ങളായ ജസറ്റിസുമാരായ ജെ.ചെലമേശ്വര്‍,രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

Related Articles