
കല്‍പ്പറ്റ : കാനഡയില്‍ ജോലി വാഗ്ദാനം നല്‍കി കല്‍പ്പറ്റ സ്വദേശിനിയില്‍ നിന്ന് 18 ലക്ഷം രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ പൗരന് 12 വര്‍ഷം തടവും 17 ലക്ഷം രൂപ പിഴയും ശിക്ഷ. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് നൈജീരിയന്‍ പൗരന്‍ ഇക്കെണ്ണ മോസസി(28)ന് ശിക്ഷ വിധിച്ചത്.
സംസ്ഥാനത്ത് വിദേശ പൗരന്‍ സൈബര്‍ തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വമാണ്. ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ചതിന് (5 വര്‍ഷം), കാനഡ എംബസിയുടെ വ്യാജ വിസയടക്കമുള്ള രേഖകള്‍ നിര്‍മിച്ചതിന് (5 വര്‍ഷം), വ്യാജ രേഖകള്‍ തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിക്ക് അയച്ചതിന് (2 വര്‍ഷം) എന്നിങ്ങനെയാണ് ശിക്ഷ. പിഴത്തുക പരാതിക്കാരിക്ക് നല്‍കണം.
കാനഡ, യുകെ എന്നിവിടങ്ങളിലെ മൊബൈല്‍ നമ്പര്‍ വഴി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. 2023 ഡിസംബറില്‍ ബംഗളൂരുവില്‍ നിന്ന് വയനാട് സൈബര്‍ പൊലീസ് ഇന്‍സ് പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെവരെ സമീപിച്ചെങ്കിലും ലഭിച്ചില്ല. പ്രോസിക്യുഷനായി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എം എ നൗഷാദ്, അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍മാരായ കെ ആര്‍ ശ്യാം കൃഷ്, അനീഷ് ജോസഫ് എന്നിവര്‍ ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




