Section

malabari-logo-mobile

ദിലീപിനൊപ്പമുള്ള സെല്‍ഫി സാധാരണ നടപടി മാത്രമാണെന്ന് ജെബി മേത്തര്‍

HIGHLIGHTS : JB Mehta says that selfie with Dileep is just a normal procedure

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനൊപ്പമുള്ള പഴയ സെല്‍ഫി വിവാദമായതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ജെബി മേത്തര്‍. ജെബി മേത്തറുടെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് മുന്‍ എം പി കെ വി തോമസിന്റെ മകന്‍ ബിജു തോമസ് രംഗത്തെത്തിയതിനു പിന്നാലെയാണ് ജെബി മേത്തറുടെ പ്രതികരണം.

നഗരസഭാ കമ്മിറ്റി ക്ഷണിച്ച പരിപാടിക്ക് ദിലീപ് എത്തിയപ്പോഴാണ് താന്‍ ഉള്‍പ്പെടെ ഒരുപാടുപേര്‍ സെല്‍ഫി എടുത്തതെന്ന് ജെബി മേത്തര്‍ വിശദീകരിച്ചു. ദിലീപുമായുള്ള സെല്‍ഫി സാധാരണ നടപടി മാത്രമായിരുന്നു എന്നും അതില്‍ ദുഖമില്ലെന്നും ജെബി മേത്തര്‍ പ്രതികരിച്ചതായി ഏഷ്യാനെറ്റ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ദിലീപിനെതിരെയുള്ള കേസ് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. രാഷ്ട്രീയരംഗത്തുള്ളവരും പ്രതികളാകാറുണ്ട്, അവര്‍ക്കൊപ്പവും വേദി പങ്കിടാറുണ്ടെന്നും ജെബി മേത്തര്‍ വ്യക്തമാക്കി.

sameeksha-malabarinews

ദിലീപിനെതിരായ കേസില്‍ പി ടി തോമസിനൊപ്പം നടിക്ക് വേണ്ടി പൊതു പരിപാടിയില്‍ പങ്കെടുത്ത ആളാണ് താന്‍. അതിഥികളെ തീരുമാനിക്കുന്നത് താന്‍ അല്ലെന്നും ജെബി വിശദീകരിച്ചു.

മുതിര്‍ന്ന നേതാക്കള്‍ അടക്കം ഒരു ഡസനിലധികം പേര്‍ വരുന്ന വലിയ സാധ്യതാ പട്ടികയില്‍ നിന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ജെബി മേത്തറെ രാജ്യസഭാ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. 44കാരിയായ ജെബി മേത്തര്‍ നിലവില്‍ ആലുവ നഗരസഭാധ്യക്ഷയാണ്.

കോണ്‍ഗ്രസിന്റെ രാജ്യ സഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുന്‍ മന്ത്രിയായ കെവി തോമസിന്റെ മകന്‍ ബിജു തോമസ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. നേതൃ ദാരിദ്ര്യമുള്ളത് എന്ന തലക്കെട്ടോടെയായിരുന്നു ബിജു തോമസിന്റെ വിമര്‍ശനങ്ങള്‍. ജെബി മേത്തര്‍ അടക്കമുള്ള നേതാക്കള്‍ നിലവില്‍ നിരവധി സ്ഥാനമാനങ്ങള്‍ വഹിക്കുന്നുണ്ടെന്നും ഇവര്‍ക്ക് ഇതിനു പുറമെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം കൂടി നല്‍കിയാല്‍ താങ്ങാന്‍ കഴിയുമോ എന്നും ബിജു തോമസ് ചോദിച്ചു. കോണ്‍ഗ്രസില്‍ അര്‍ഹരായ നേതാക്കള്‍ ഇല്ലാത്തതു കൊണ്ടാണ് ഈ സാഹചര്യമുണ്ടാകുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

എന്നാല്‍ തനിക്ക് ഇത്രയും സ്ഥാനം താങ്ങാന്‍ കഴിയുമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ജെബി മേത്തറുടെ മറുപടി. ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്നും ഇതില്‍ അസഹിഷ്ണുത വിചാരിക്കേണ്ട കാര്യമില്ലെന്നും ജെബി മേത്തര്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!