പുതിയ ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍….


സ്വന്തം ലേഖകന്‍
പഴയ കാലപ്രതാപങ്ങൾ എല്ലാം നഷ്ടപ്പെട്ട റോയൽ എൻഫീൽഡ് ഐഷർ മോട്ടോർസിലൂടെ വൻ തിരിച്ചുവരവ് നടത്തിയതു
പോലെ ഇപ്പോൾ ജാവയും മഹീന്ദ്രയിലൂടെ ഒരു തിരിച്ചുവരവിനായി ഒരുങ്ങുകയാണ്. ഒരുകാലത്തെ തന്റെ രാജകീയ സാന്നിധ്യം അതിൻറെ എല്ലാ പ്രൗഡിയോടും കൂടി തിരിച്ചുപിടിക്കാൻ സർവ്വസന്നാഹങ്ങളുമായി യുദ്ധഭൂമിയിലേക്ക് പടനയിച്ചു
പുറപ്പെടുകയാണ്. ഒരു ചെക്ക് റിപ്പബ്ലിക്കൻ
സൗന്ദര്യമായിട്ടാണ് ഒരുകാലത്ത്‌ ജാവയും,
യെസ്ടിയും ഇന്ത്യൻ റോഡുകളിൽ താളാത്മകമായി ചുവടുവെച്ചത്. ഓരോ  ഇന്ത്യക്കാരന്റെയും യാത്രയുടെ താള വേഗങ്ങളിൽ പലപ്പോഴും ഇവയുടെ തുടിപ്പുകൾ അലിഞ്ഞു
ചേർന്നിട്ടുണ്ടായിരുന്നു.

പഴയ കാല സിനമകളില്‍ നമ്മെ ത്രസിപ്പിച്ചിരുന്ന നായകൻ ശരവേഗത്തിൽ പാഞ്ഞുപോയത് പലപ്പോഴും ജാവയിലായിരുന്നു
. എത്രയോ തവണ ദൂരെ നിന്നും എന്തുമാത്രം കണ്ടുമോഹിച്ചതാണീ താരരാജാവിനെ. ഓടിക്കിതച്ചെത്തിയ ജാവയുടെ പെട്രോൾ മണമുള്ള കിതപ്പിന് ചുറ്റും എത്രമാത്രം ശ്വാസം പിടിച്ചു ചുറ്റി നടന്നിട്ടുണ്ടെന്നോ
? മനസിലെ ഏറ്റവും വലിയ സ്വപ്നങ്ങളെല്ലാം ഒരു കാലത്ത് ജാവയെ ചുറ്റിപ്പറ്റി മാത്രമായിരുന്നു. ഒരേ കിക്കറിൽ സ്റ്റാട്ടക്കുകയും, അതെ കിക്കർ തന്നെ മറച്ച് വച്ച് ഗിയറാക്കി മാറ്റുകയും ചെയ്യുന്ന മന്ത്രികവിദ്യ ഏറെ പണിപ്പെട്ടാണ് ഹൃദിസ്ഥമാക്കിയത്.

റോയൽ എൻഫീൽഡിന് അടുത്തിടെവരെ ഇന്ത്യയിലുണ്ടായിരുന്ന അപ്രമാദിത്വത്തെയാണ് ജാവ ചോദ്യം ചെയ്യാൻ പോകുന്നത്. ഒന്നും രണ്ടുമല്ല 3 മോഡലുകൾ ആയിട്ടാണ് ജാവയുടെ രണ്ടാംവരവ്. ജാവ, ജാവ42, പൊറാക്ക് എന്നീ 3 മോഡലുകളാണ് ഇന്ത്യൻ തീരത്തെത്തുന്നത്. 1.55 ലക്ഷം രൂപ വിലയിൽ ഐതിഹാസികമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. 293 സിസി ഒറ്റ സിലിണ്ടർ കരുത്തിൽ ജാവ ,ജാവ 42 എന്നീ മോഡലുകൾ എത്തുമ്പോൾ പൊറാക്കിൽ അല്പം കൂടി വലുതായ 334 സി സി എഞ്ചിന്റെ ഉൾക്കരുത്തോടു കൂടിയാണ് സഞ്ചാരം സാധ്യമാവുക.

പഴയ രൂപഭംഗി നില നിർത്തുകയും, വളരെ ആധുനികമായും സാങ്കേതികമായും രൂപപ്പെടുകയും ചെയ്ത  ലക്ഷണമൊത്ത
ഒരു അവതാരമായിട്ടാണ് ജാവ റോഡിൽ എത്തുന്നത്.

ആധുനികനായ ജാവ ലിക്വിഡ് കൂൾഡ് ഫോർ സ്ട്രോക്ക് എഞ്ചിനും എ ബിഎസും ഡിസ്ക് ബ്രേക്കും  ആയാണ് എത്തുന്നത് . ക്ലാസിക്
ലെജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മഹീന്ദ്രയുടെ ഉപ സ്ഥാപനമാണ് ജാവ ഇറക്കുന്നത്. 1929 ചെക്കോസ്ലോവാക്യയിലെ പ്രാഗിലാണ് ജാവ ജന്മംകൊണ്ടത്. 1950 കളായപ്പോഴേക്കും 150ഓളം രാജ്യങ്ങളിലായി ലോകത്തെ ഏറ്റവും വലിയ ബൈക്ക് നിർമ്മാണ സ്ഥാപനങ്ങളിലൊന്നായി ജാവ വളരുകയായിരുന്നു. അങ്ങനെയാണ് അൻപതുകളിൽ ജാവ ഇന്ത്യയിലും എത്തുന്നത്. അറുപതുകളിൽ ഇറക്കുമതി അവസാനിപ്പിച്ച് മൈസൂരിൽ പുതുതായി സ്ഥാപിച്ച ഐഡിയൽ ജാവ കമ്പനിയിൽ ഉൽപാദനം തുടങ്ങുകയായിരുന്നു. 1996 പല കാരണങ്ങളാൽ ഇന്ത്യയിലെ പ്രവർത്തനം
ജാവക്ക് അവസാനിപ്പിക്കേണ്ടിവന്നു.

ഇടിമുഴക്കം പോലുള്ള ജാവയുടെ ശബ്ദ സാന്നിധ്യം ഇന്ത്യൻ റോഡുകളെ ഇനിയും മുഖരിതമാക്കാൻ പോവുകയാണ്. പഴയ കാല പ്രതാപം പുതിയ കാലത്തിലേക്ക് പുതുക്കി പണിയുകയാണ് ജാവയിലെ അന്തപുര ശില്പികൾ.

Related Articles